വാഴൂർ: സംസ്ഥാന സർക്കാരിന്റെ നവകേരള മിഷനില്‍ ഉൾപ്പെടുത്തി ആർദ്രം പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഇടയിരിക്കപ്പുഴ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ബ്ലോക്ക് ആരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നാളെ നടക്കും. ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും
സംസ്ഥാന സർക്കാരിന്റെ 37.5 ലക്ഷം രൂപയും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 14 ലക്ഷം രൂപയും മുടക്കിയാണ് കെട്ടിടം നവീകരിച്ചത്. പുതിയ ഒപി കൗണ്ടർ, ഡ്രസിംഗ് റൂം, പ്രീ ചെക്കപ്പ് ഏരിയ കാത്തിരിപ്പ് കേന്ദ്രം, ഫാർമസി, ലാബ്, സ്റ്റോർ, ഒപി മുറികള്‍, നിരീക്ഷണ മുറികള്‍, കാഴ്ച പരിശോധന മുറി തുടങ്ങിയ സൗകര്യങ്ങൾ നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ട്. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എൻ. പ്രിയ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ പദ്ധതി വിശദീകരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബീഗം, ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേം സാഗര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ത്രിതല പഞ്ചായത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.
| Group63 |


