കോട്ടയം:അതിശക്തമായ മഴ സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ ഞായർ-ഓഗസ്റ്റ് 18 കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിനാൽ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി.