മീനടം ഗ്രാമപഞ്ചായത്തിലെ 3,5,6,7 വാർഡുകളിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി 2013ൽ ആരംഭിച്ച പദ്ധതിയാണ് ഗംഗ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി,എന്നാൽ ഇക്കാലമത്രയും ഇതിലൂടെ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കുടിവെള്ളം കുടിക്കുവാനോ മറ്റ് ആവശ്യങ്ങൾക്കോ യോഗ്യമല്ലാത്ത വിധത്തിൽ മലിനമാണ് എന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നു. ഈ വിവരം ജലനിധി സമിതിയെയും പഞ്ചായത്തിനെയും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളതാണ്, എന്നിട്ടും ജനങ്ങളിൽ നിന്ന് ഈ മലിന ജലത്തിന് വാട്ടർ ചാർജ് ഈടാക്കുവാൻ വേണ്ടി നോട്ടീസ് കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അധികാരികൾ നടപടികൾ ഒന്നും സ്വീകരിക്കാത്തതിനാൽ ജനങ്ങൾ സ്വയം സമരസമിതി രൂപീകരിച്ച് ഒപ്പുശേഖരണം നടത്തി മീനടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകുകയും ചെയ്തു.ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുക എന്നത് പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണ് എന്നിരിക്കെ ജലനിധി സമിതിയുടെ മേൽ കുറ്റം ചാർത്തി പഞ്ചായത്ത് രക്ഷപ്പെടാൻ ശ്രമം നടത്തുന്നു, അടിയന്തരമായി ശുദ്ധജലം ജനങ്ങൾക്ക് എത്തിക്കണമെന്നും സമ്പൂർണ്ണമായും അഴിമതിയിൽ മുങ്ങിക്കുളിച്ച ഈ പദ്ധതിയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
ജേക്കബ് വി മാത്യു പ്രസിഡണ്ടായും, വികെ മാത്യുവിനെ സെക്രട്ടറി ആയും 20 അംഗ , ഗംഗ ജനകീയ സമരസമിതി രൂപീകരിച്ചു. ഈ വിഷയത്തിൽ നടപടി സ്വീകരിക്കുന്നത് വരെ പ്രക്ഷോഭം നടത്തുവാൻ സമരസമിതി തീരുമാനിച്ചു



