| പ്രഭാത വാർത്തകൾ |
|---|
| 2025 | മാർച്ച് 27 | വ്യാഴം |
| 1200 | മീനം 13 | ചതയം |
◾ 2021ല്‍ ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് തുടര്‍ഭരണം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. 60ലധികം സീറ്റുകളിലാണ് ബിജെപിയുടെ വോട്ടുമറിഞ്ഞത്. പ്രത്യുപകാരമായി കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന്‍ ആരോപിച്ചു.
◾ ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്പോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ. സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വ്വീസില്‍ തുടരുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. മരണപ്പെട്ട ജീവനക്കാരന്റെ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ലെന്നതും പുതിയ വ്യവസ്ഥയിലുണ്ട്.
◾ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. പെന്‍ഷനായി കൈപ്പറ്റിയ തുക പ്രതിവര്‍ഷം 18 ശതമാനം പലിശ സഹിതം തിരിച്ചടച്ചവരെയാണ് തിരികെയെടുത്തത്. ഡിസംബര്‍ 26നാണ് റവന്യൂ വകുപ്പില്‍ നിന്ന് ക്ഷേമപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ 38 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്..
◾ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 18,000 രൂപയായി ഓണറേറിയം ഉയര്‍ത്തുമെന്ന മുഖ്യമന്ത്രി എന്‍ രംഗസ്വാമി പ്രഖ്യാപിച്ചു. ഇന്നലെ നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ ആണ് പ്രഖ്യാപനം. സംസ്ഥാനത്തെ 300 ആശ പ്രവര്‍ത്തകര്‍ക്കും ഓണറേറിയം വര്‍ധനയുടെ നേട്ടം ലഭിക്കും.
◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം. വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തില്‍ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണമടക്കം, സിഡബ്ല്യുആര്‍പിഎസ് സമര്‍പ്പിച്ച അന്തിമ രൂപരേഖയുടെ അടിസ്ഥാനത്തില്‍ രണ്ടു പാക്കേജുകളായി തുറമുഖ പദ്ധതി നടപ്പാക്കും. 271 കോടി രൂപയുടേതാണ് പദ്ധതി.
◾ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ഭൂമിയുടെ പുനര്‍ നിര്‍മ്മാണ പുനരധിവാസ പ്രക്രിയ ലോകത്തിനു മുന്നില്‍ കേരളം സമര്‍പ്പിക്കുന്ന പുതിയൊരു മാതൃകയാണെന്ന് റവന്യു മന്ത്രി കെ രാജന്‍. കല്‍പ്പറ്റ മേപ്പാടിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ദുരന്ത ബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടുന്നതോടെ പുനര്‍നിര്‍മ്മാണത്തിന്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും മന്ത്രി വിവരിച്ചു.
◾ ആശ വര്‍ക്കര്‍മാര്‍ക്ക് 12000 രൂപ വര്‍ഷം തോറും നല്‍കുമെന്ന് പാലക്കാട് നഗരസഭ. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വര്‍ക്കര്‍ക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്.
◾ സംസ്ഥാനത്ത് അടുത്ത തവണയും എല്‍ഡിഎഫ് ഭരിക്കുമെന്നും യുഡിഎഫിന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുകയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ മാന്യനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം പിസി ജോര്‍ജിനെ നിശിതമായി വിമര്‍ശിച്ചു. ലൗ ജിഹാദ് വാദം പിസി ജോര്‍ജ് ബിജെപിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ഉന്നയിക്കുന്നതെന്നും ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വാ തുറക്കുന്നയാളാണ് പി സി ജോര്‍ജെന്നും ഇവരെല്ലാം അടിഞ്ഞ് കൂടുന്നത് ബിജെപിയിലാണെന്നും ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലമായി ബിജെപി മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തണ്ടനാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
◾ അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഇഡി ബാബുവിനെതിരെ കേസ് എടുത്തത്.
◾ കൊടകര കേസില്‍ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയത് ഇഡി രാഷ്ട്രീയ പ്രേരിത ഏജന്‍സിയെന്ന സിപിഎം വാദം ശരിവെക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കുഴല്‍പ്പണ വിനിമയം കേരളാ പൊലീസ് അന്വേഷിച്ച് കേസിന്റെ സ്വഭാവം വച്ചാണ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത്. രാഷ്ട്രീയ പ്രേരിത ഇഡിക്കെതിരെ 29 ന് കൊച്ചി ഇഡി ഓഫീലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
◾ ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക ചുവടുവെയ്പുമായി കേരള സര്‍വകലാശാല. കേരള സര്‍വകലാശാല കോളേജില്‍ അഡ്മിഷന്‍ നേടണമെങ്കില്‍ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദേശം. എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബ്ബുകള്‍ സ്ഥാപിക്കുമെന്നും ലഹരിവിരുദ്ധ കാമ്പസുകള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും സര്‍വകലാശാല അറിയിച്ചു. ഇന്നലെ ചേര്‍ന്ന സെനറ്റ് യോഗത്തിലെ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.
◾ നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ തുറന്നുപറച്ചിലിനുപിന്നാലെ, കേരളത്തില്‍ അത്തരമൊരു അനുഭവമുണ്ടായെന്നത് ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു..നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവിക്കുന്നത് ദളിതരും പിന്നാക്കവിഭാഗങ്ങളുമാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി.
◾ കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി ബന്ധം തള്ളിയ ഇ ഡി കുറ്റപത്രത്തിന് വിരുദ്ധമായി സംസ്ഥാന പൊലീസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. ആറ് കോടി രൂപ കള്ളപ്പണം ബി ജെ പി ജില്ലാ ഓഫീസില്‍ എത്തിയിട്ടുണ്ടെന്ന പാര്‍ട്ടി ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശിന്റെ മൊഴിയില്‍ വസ്തുതയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. എന്നാല്‍ പണത്തിന്റെ ഉറവിടത്തെ പറ്റി അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പാണെന്നാണ് ഇ ഡി ആവര്‍ത്തിക്കുന്നത്.
◾ കാസര്‍കോട് അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതികളായിരുന്ന നാല് പേരെയും കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. എസ്ഡിപിഐ പ്രവര്‍ത്തകരായ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റഫീഖ്, ഹമീദ്, സാബിര്‍, അശ്റഫ് എന്നിവരെയാണ് വെറുതെ വിട്ടത്. 2017 ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
◾ കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തില്‍ ലഹരി പാര്‍ട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേര്‍ എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍,മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമ്മൂല സ്വദേശി ടെര്‍ബിന്‍ എന്നിവരാണ് പിടിയിലായത്.
◾ മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വിമാന യത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് മുംബൈ പൊലീസ്. കുട്ടി ജനിച്ച ഉടന്‍തന്നെ കൊലപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇന്നലെ രാത്രി 10:30 ഓടെ വിമാനത്താവളത്തിന്റെ ശുചിമുറികള്‍ വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.
◾ കര്‍ണാടകത്തിലെ വിമത എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ ബിജെപി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ആറ് വര്‍ഷത്തേക്കുള്ള നടപടി. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിന് കാരണം ബോധിപ്പിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾ അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയെ അപമാനിക്കുന്നുവെന്നും ഇന്ത്യയ്ക്കെതിരെ അജണ്ട വച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിമര്‍ശനം. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നുവെന്ന് മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
>
Tags
* Please Don't Spam Here. All the Comments are Reviewed by Admin.




