പ്രഭാത വാർത്തകൾ |
---|
2025 | മാർച്ച് 3 | തിങ്കൾ |
1200 | കുംഭം 19 | അശ്വതി |
◾ തിരുവനന്തപുരം ജില്ലയില്‍ കനത്ത വേനല്‍ മഴ. അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നതിനാല്‍ ഉച്ചകഴിഞ്ഞു 3.30ന് ഒന്നു മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. ഡാമിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.
◾ മഴയത്തും ചോരാത്ത സമരവീര്യവുമായി ആശാവര്‍ക്കര്‍മാര്‍. മഴയില്‍ നിന്ന് രക്ഷപെടാന്‍ ടാര്‍പോളിന്‍ ഉയര്‍ത്തിപ്പിടിച്ചാണ് സമരം ചെയ്യുന്ന പ്രവര്‍ത്തകര്‍ നിന്നത്. എന്നാല്‍, ഹൈക്കോടതി ഉത്തരവ് ഉണ്ടെന്ന് കാണിച്ച് പോലീസ് ടാര്‍പോളിന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന പരാതിയും സമരക്കാര്‍ക്ക് ഉണ്ട്.
◾ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് കനത്തമഴ തുടരുന്നതിനിടെ ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും കോട്ടും വിതരണം ചെയ്യുകയും ചെയ്തു. ആശാവര്‍ക്കര്‍മാര്‍ക്ക് നേരെ ഗൂഢശ്രമങ്ങളൊന്നുമുണ്ടാകാതെ കരുതല്‍ കണ്ണുകള്‍ വെയ്ക്കണമെന്ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
◾ ആശാവര്‍ക്കര്‍മാരെ ബുദ്ധിമുട്ടിക്കാനാണ് സമരപ്പന്തല്‍ മറച്ചുകെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് പോലീസ് എടുത്തു മാറ്റിയതെന്നും പോലീസിനെ കൊണ്ട് സര്‍ക്കാര്‍ ചെയ്യിപ്പിക്കുന്നതാണിതെന്നും ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ്. പാവപ്പെട്ട സഹോദരിമാര്‍ മഴ നനഞ്ഞ് ഇരിക്കട്ടെ എന്നതാണ് ഇവരുടെ ചിന്തയെന്നും അത് ന്യായീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും മഴയും നനഞ്ഞുകൊണ്ട് ഇവിടെ ഇരുന്നാല്‍ അസുഖം പിടിച്ചെങ്കിലും സമരത്തില്‍ നിന്ന് പിന്മാറട്ടെ എന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
◾ ശശി തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തരൂര്‍ മാറ്റിപ്പറയാനും തിരുത്താനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരന്‍ പറഞ്ഞു. വലിയ അബദ്ധം ഒന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ല. പറഞ്ഞതിനെല്ലാം അദ്ദേഹം വ്യക്തത വരുത്തിയിട്ടുമുണ്ട്. തരൂരിന്റെ വലിയ മനസ്സിന് നന്ദിയെന്നും കെ സുധാകരന്‍ പറഞ്ഞു.
◾ മുല്ലപ്പള്ളി രാമചന്ദ്രനും താനും ഒരമ്മപെറ്റ മക്കളേപ്പോലെയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ഇടതുസര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുല്ലപ്പള്ളിയെ ആവശ്യമുണ്ടെന്നും തങ്ങള്‍ക്കിടയില്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ആണ് ഉണ്ടായിരുന്നതെന്നും ഇനി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
◾ ചുങ്കത്തറ ഭീഷണി പ്രസംഗത്തില്‍ പി വി അന്‍വറിനെതിരെ കേസെടുത്ത് എടക്കര പൊലീസ്. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തലയടിച്ചു പൊട്ടിക്കുമെന്ന പി വി അന്‍വറിന്റെ പ്രസംഗത്തിനെതിരെ സിപിഎം നേതൃത്വം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
◾ പാലിയേറ്റീവ് പരിചരണ രംഗത്ത് മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി കേരളം. 'കേരള കെയര്‍' എന്ന പേരില്‍ പാലിയേറ്റീവ് സംവിധാനങ്ങളുടെ ഒരു കെയര്‍ ഗ്രിഡിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്നു. ഇന്ന് രാവിലെ 11.30 മണിക്ക് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് എന്നിവര്‍ ഈ ചടങ്ങില്‍ സന്നിഹിതരാകും.
◾ മാര്‍ച്ച് മാസം വൈദ്യുതി ബില്‍ വീണ്ടും കുറയുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ യൂണിറ്റിനും ഇന്ധന സര്‍ചാര്‍ജ് 6 പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് 8 പൈസയുമായിരിക്കും മാര്‍ച്ച് മാസത്തിലെ ഇന്ധന സര്‍ചാര്‍ജ്.