| പ്രഭാത വാർത്തകൾ |
|---|
| 2025 | മാർച്ച് 5 | ബുധൻ |
| 1200 | കുംഭം 21 | കാർത്തിക |
◾ ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ കൂടുതല്‍ ഇടപെടലുകളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കണ്ട് സമരത്തെ കുറിച്ച് സുരേഷ് ഗോപി വിശദീകരിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് വേതനം നല്‍കുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയെന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയെ അറിയിച്ചു. പ്രശ്നത്തില്‍ ഇടപെടാമെന്ന് നദ്ദ സുരേഷ് ഗോപിയെ അറിയിച്ചു. ദില്ലിയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ ആയിരുന്നു കൂടികാഴ്ച.
◾ റാഗിങ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള ഹൈക്കോടതി തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ വര്‍ഷം പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്റെ മരണത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികള്‍ക്കു തുടര്‍ പഠനം അനുവദിച്ച സിംഗിള്‍ ബെഞ്ച് വിധിയില്‍ അതിശക്തമായ അമര്‍ഷം രേഖപ്പെടുത്തിയ തന്നേപ്പോലുള്ള പൊതുപ്രവര്‍ത്തകരുടെ വികാരം ഹൈക്കോടതി കണക്കിലെടുത്തതായി കരുതുന്നുവെന്നും അതിന്റെ കൂടി ഫലമാണ് ഈ തീരുമാനമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.
◾ ഭിന്നശേഷി സംവരണത്തിനായി തസ്തികകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ എന്‍എസ്എസിന് കീഴിലുള്ള സ്‌കുളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നിര്‍ദ്ദേശം. എന്‍എസ്എസിന് കീഴിലുള്ള സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി അറുപത് സീറ്റുകള്‍ മാറ്റിവെച്ചതായി മാനേജ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.
◾ സംസ്ഥാനത്ത് മൂന്നാമതും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് സുനില്‍ കനുഗോലുവിന്റെ സര്‍വേ റിപ്പോര്‍ട്ടുണ്ടെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് കോണ്‍ഗ്രസ് വക്കീല്‍ നോട്ടീസയച്ചു. എഐസിസി സര്‍വേയെന്ന പേരില്‍ നല്‍കിയ വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പേരിലയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു.
◾ എസ്ഡിപിഐയും പി എഫ് ഐയും ഒന്നുതന്നെയെന്നും എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി എഫ് ഐയാണെന്നും എസ്ഡിപിഐ ക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്നും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് പി എഫ് ഐയാണെന്നും എസ്ഡിപിഐക്ക് നാല് കോടിയോളം രൂപ പിഎഫ്ഐ നല്‍കിയതിന് തെളിവ് ലഭിച്ചുവെന്നും ഇഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.
◾ ഇന്‍സ്ട്രമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനെ തുടര്‍ന്ന് മകന്റെ കൈ തല്ലിയൊടിച്ച് അച്ഛന്‍. കൊച്ചി കളമശ്ശേരിയിലാണ് ക്രൂരമായ സംഭവം നടന്നത്. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ കൈത്തണ്ടക്ക് പൊട്ടലുണ്ട്. അച്ഛന്‍ ശിവകുമാറിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
◾ കോഴിക്കോട് ഓമശ്ശേരി പുത്തൂരില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാനിപുരം എ യു പി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
◾ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 8 ദിവസങ്ങള്‍ക്ക് ശേഷമാണ് അഫാനെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നത്. മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത്. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. പൂര്‍ണബോധ്യത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.






