പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ-പാക് സംഘര്‍ഷം ദിനംപ്രതി കൂടി വരുന്ന സാഹചര്യമാണുള്ളത്. ഇതിനെ തുടർന്ന് 2025 മേയ് ഏഴിന് രാജ്യവ്യാപകമായി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. യുദ്ധ സമാനമായ അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് ബ്ലാക്ക് സിമുലേഷന്‍സ്, വ്യോമ പരിശോധനാ സൈറണുകള്‍, ഒഴിപ്പിക്കല്‍ ഡ്രില്ലുകള്‍, പൊതുപരിശീലന സെഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന മോക് ഡ്രില്‍ നടത്താനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യത്തെ 244 ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
യുദ്ധം, മിസൈല്‍ ആക്രമണം, വ്യോമാക്രണം എന്നിവ പോലെയുള്ള അടിയന്തിര സാഹചര്യങ്ങളില്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് പരീക്ഷിക്കുന്നതിനായി ലക്ഷ്യമിട്ട് നടത്തുന്ന തയ്യാറെടുപ്പാണ് സിവില്‍ ഡിഫൻസ് മോക്ക് ഡ്രില്‍. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പുനസൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
വ്യോമ പരിശോധന സൈറണുകള്‍ പ്രവര്‍ത്തിപ്പിക്കുക, വൈദ്യുതി ബന്ധം വിച്ഛേദിക്കുക, സാധാരണക്കാരായ ജനങ്ങളെ അഭയം തേടുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിശീലിക്കുക, അടിയന്തരമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ തത്സമയം എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ജനങ്ങള്‍ക്കിടയിലെ പരിഭ്രാന്തി കുറയ്ക്കുക, ആശയക്കുഴപ്പം ഒഴിവാക്കുക, അവബോധവും സന്നദ്ധതയും വര്‍ധിപ്പിച്ച് ജീവന്‍ രക്ഷിക്കുക എന്നിവയാണ് മോക് ഡ്രില്ലുകളുടെ ലക്ഷ്യം.