നെടുംകുന്നം ഗവണ്മെന്റ് ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് നിര്‍വഹിച്ചു. എം എല്‍ എ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 3.52 കോടി രൂപ ചെലവിട്ട് 10020 ചതുരശ്ര അടി വിസ്തൃതിയില്‍ 2 നിലകളിലായിട്ടാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. എട്ട് ക്ലാസ് മുറികള്‍, ലൈബ്രറി റൂം, സ്റ്റാഫ് റൂം, ഓഫീസ് റൂം, കൗണ്‍സിലിങ് റൂം, ചികിത്സാ റൂം, രണ്ടു നിലയിലുമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വിശാലമായ ടോയിലറ്റ് സൌകര്യം, ഭാവിയില്‍ 3, 4 നിലകളിലായി വിപുലപ്പെടുത്തുന്ന ഘട്ടത്തിലേക്ക് ആവശ്യമായ ലിഫ്റ്റ് സൌകര്യം നിര്‍മ്മിക്കുന്നതിനുള്ള അടിസ്ഥാനമിട്ടിരിക്കുന്നു,
കെട്ടിടത്തിന്റെ ഇരുവശങ്ങളിലൂടെയും മുകളിലേക്ക് എത്തുന്നതിനുള്ള വിശാലമായ സ്റ്റെയര്‍ സൌകര്യം, പാഠപുസ്തകങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും സൂക്ഷിക്കുന്നതിലുള്ള സ്റ്റോര്‍ റൂം. എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. നെടുംകുന്നത്തെ വിദ്യാഭ്യാസ മേഖലയില്‍ ഏറെ പ്രാധാന്യമുള്ളതു നൂറുവര്‍ഷത്തിലധികം പഴക്കമുള്ള സ്‌കൂളുമായ ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട യു പി ബ്ലോക്കാണ് പുതിയ കെട്ടിടത്തിനായി പൊളിച്ചു നീക്കിയത്.
കാലപ്പഴക്കവും സ്ഥലപരിമിതിയും മൂലം ബുദ്ധിമുട്ടിയിരുന്നുവെങ്കിലും സ്‌കൂളിലെ പൊതുപരിപാടികളും മറ്റും നടത്തിയിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. ഗൃഹാതുരത്വം സമ്മാനിക്കുന്ന പഴയകാല വിദ്യാലയങ്ങളുടെ പ്രതീകമാണ് കാലപ്പഴക്കം കൊണ്ട് വിസ്മൃതിയിലാവുന്നത്. പുതിയ കെട്ടിടത്തിന് തുക അനുവദിച്ചിരുന്നെങ്കിലും ഈ കെട്ടിടത്തില്‍ ഇലക്ഷന്‍ ബൂത്ത് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ പൊളിക്കുന്നതിന് തടസം നേരിട്ടു. നിരന്തര ശ്രമത്തിനൊടുവില്‍ ഇതിനായി ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക അനുവാദവും ലഭിച്ചു. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണ ചുമതല. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഞായറാഴ്ച പൂര്‍വവിദ്യാര്‍ത്ഥികളുടെ ഗാനമേള അടക്കം വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഇന്നലെ (ജൂണ്‍ 2) രാവിലെ 11ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഹേമലതാ പ്രേം സാഗര്‍ അധ്യക്ഷയായി.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ലഹരിക്കൊരു ചെക്ക് പദ്ധതി ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വാധ്യാപകരേയും മുന്‍ പിറ്റിഎ ഭാരവാഹികളേയും ആദരിച്ചു. ജനപ്രതിനിധികളായ മുകേഷ് കെ മണി, ലത ഉണ്ണികൃഷ്ണന്‍, ശശീന്ദ്രന്‍ കെ എന്‍, ഉദ്യോഗസ്ഥരായ, റോഷ്‌ന അലിക്കുഞ്ഞ് കെ എ എസ്, സുനിത കെ എ, സ്വപ്ന എം, നെടുങ്കുന്നം ബി എഡ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാ.ജോജിമോന്‍ ജോര്‍ജ്ജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രഞ്ജി രവീന്ദ്രന്‍, അജി കാരുവാക്കല്‍, റജി പോത്തന്‍, ഷൈല രാജേന്ദ്രന്‍, സി റ്റി മജീദ് റാവുത്തര്‍ എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി സുരേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് ജയശ്രീ എം കെ കൃതജ്ഞതയും പറഞ്ഞു.




