വാഴൂർ: K K റോഡിൽ 11 KV ലൈൻ പുതിയ പോസ്റ്റിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ അപകടകരമായ രീതിയിൽ ഇട്ടിരിക്കുന്നതായി നാട്ടുകാർ പരാതി. നിലവിലുള്ള പോസ്റ്റിനോട് മുട്ടി നിൽക്കുന്ന രീതിയിലാണ് പുതിയ പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
കാക്കയ്ക്ക് ഷോക്കേറ്റു, വൈദ്യുതി തടസ്സം
ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ വാഴൂർ ബിഎസ്എൻഎൽ എക്സ്ചേഞ്ചിന് സമീപത്തുള്ള ബെജിക്കടയ്ക്കും, ബേയ്ക്ക് ഡയറി ബേക്കറിക്കും ഇടയ്ക്ക് നിൽക്കുന്ന പോസ്റ്റുകളാണ് കൂടുതൽ അപകടാവസ്ഥയിൽ. ഇതേ പോസ്റ്റിലെ ലൈനിൽ വന്നിരുന്ന കാക്ക പുതിയ പോസ്റ്റിൽ തട്ടി ഷോക്കേറ്റ് ചത്തു. തൽഫലമായി അല്പസമയം ഈ ഭാഗത്ത് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഈ സംഭവത്തോടെയാണ് പോസ്റ്റുകളിൽ വൈദ്യുതി കടക്കുന്നുണ്ടെന്ന കാര്യം നാട്ടുകാർ അറിയുന്നത്.
അശാസ്ത്രീയ നിർമ്മാണം ആരോപണം
11 KV ലൈൻ പോസ്റ്റുകൾ നിലവിലുള്ള പോസ്റ്റിനോട് മുട്ടിയാണ് നിൽക്കുന്നത്. മഴക്കാലമായതോടെ വൈദ്യുതി മൂലം ഉണ്ടാകുന്ന അപകടങ്ങൾ ശ്രദ്ധിക്കണമെന്ന് KSEB തന്നെ മുന്നറിയിപ്പ് നൽകുമ്പോഴാണ് ഇത്തരത്തിലുള്ള അശ്രദ്ധയുള്ള പ്രവർത്തനം എന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പോസ്റ്റിൽ തൊട്ടാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളും മുതിർന്നവരും ഈ വഴിയിലൂടെ പോകുന്നുണ്ട്.
KSEB നടപടി പ്രതീക്ഷിക്കുന്നു
സംഭവം ഉടൻതന്നെ KSEB അധികൃതരെ അറിയിച്ചിട്ടുണ്ട്. 11 KV മുട്ടി നിൽക്കുന്ന മുഴുവൻ പോസ്റ്റുകളും സുരക്ഷാ അകലം പാലിച്ച് പുനഃസ്ഥാപിക്കണമെന്നും അടിയന്തര സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
കുറിപ്പ്: വൈദ്യുതി പോസ്റ്റുകളോട് അടുക്കരുത്. സംശയം തോന്നുന്ന പോസ്റ്റുകൾ കണ്ടാൽ ഉടൻ KSEB-യുടെ ടോൾ ഫ്രീ നമ്പർ 1912-ൽ വിവരമറിയിക്കുക.


