വാഴൂർ: കാർബൺ ന്യൂട്രൽ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ രണ്ട് ദിവസങ്ങളിലായി നടന്നു വന്ന കേരളത്തിലെ ആദ്യ പഞ്ചായത്തു തല പരിസ്ഥിതി മഹോത്സവമായ 'പരിസ്ഥിതി മഹോത്സവം 2026'ന്റെ സമാപന സമ്മേളനം ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്കലാദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെട്ട ഗായകസംഘം പരിസ്ഥിതിഗാനം അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ കെ. ബിനു സ്വാഗതം പറഞ്ഞു. ചടങ്ങിൽ വൃക്ഷ വൈദ്യനും പരിസ്ഥിതി പ്രവർത്തകനുമായ കെ.ബിനുവിനെ മന്ത്രി അഡ്വ. മോൻസ് ജോസഫ് ആദരിച്ചു.
കേരള സംസ്ഥാന ജൈവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ രണ്ട് ദിവസമായി പരിസ്ഥിതി മഹോത്‌സവത്തിന്റെ ഭാഗമായി പങ്കെടുത്ത കുട്ടികൾക്കും സ്കൂളുകൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് കുന്നപ്പള്ളി, CPI(M) ലോക്കൽ സെക്രട്ടറി ബേസിൽ വർഗീസ്, BJP വാഴൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. ഹരികുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എം. ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിഷാ രാജേഷ് കൃതജ്ഞത അർപ്പിച്ചു.
കാർബൺ ന്യൂട്രൽ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ നടന്ന മഹോത്സവത്തിൽ സെമിനാറുകൾ, ക്യാമ്പുകൾ, പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു. രണ്ട് മൂന്ന് വർഷമായി തുടരുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുക എന്നതായിരുന്നു മഹോത്സവത്തിന്റെ പ്രധാന ലക്ഷ്യം.


