കോട്ടയം: മാലിന്യമുക്ത കോട്ടയം എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ നടത്തി വരുന്ന ശുചിത്വ-മാലിന്യ നിർമ്മാർജ്ജ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഓഫീസുകളിലും വീടുകളിലും ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ പറഞ്ഞു. വകുപ്പുമേധാവികളുടെ യോഗത്തിൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കളക്ടർ വിശദീകരിച്ചു.
ഇ- മാലിന്യം ഉൾപ്പെടെയുള്ളവ അജൈവ മാലിന്യങ്ങൾ സുരക്ഷിതമായി നിർമാർജ്ജനം ചെയ്യുന്നതിനും ജൈവമാലിന്യ സംസ്‌ക്കരണത്തിനുമുള്ള സംവിധാനം വീടുകളിലും ഓഫീസുകളിലും സജ്ജമാക്കണം. ഇതിനായി ഓഫീസും വീടും സ്ഥിതിചെയ്യുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനയുമായി ബന്ധപ്പെട്ട് അജൈവ മാലിന്യനീക്കത്തിന് നടപടിയെടുക്കണം. യൂസർഫീസ് നൽകിയാണ് ഹരിതകർമസേനയ്ക്ക് അജൈവമാലിന്യം കൈമാറേണ്ടത്. തുക നൽകുന്നതു സംബന്ധിച്ച് തർക്കങ്ങൾക്കിടയാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കളക്ടർ പറഞ്ഞു.

