കാഞ്ഞിരപ്പള്ളി: അനുഷ്ഠാന കലാരൂപമായ കഥകളിവേഷങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിൽ നിർമിച്ച് ഏഷ്യാബുക്ക് ഓഫ് റെക്കോർഡിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശിനി കുമാരി അക്ഷര അജികുമാർ. കഥകളിയിലെ വിവിധ മുഖങ്ങളായ പച്ച, കത്തി, കരി, ചുവന്നതാടി, വെള്ളത്താടി, മിനുക്ക് എന്നിവയുടെ ചെറുരൂപങ്ങൾ 4cm മുതൽ 7.5cm വരെ ഉയരത്തിൽ നെയിൽ പോളിഷ് ബോട്ടിലുകളിൽ 4മണിക്കൂർ 31മിനിറ്റ് 46സെക്കൻഡിൽ പൂർത്തീകരിച്ചാണ് അക്ഷര ഈ നേട്ടം സ്വന്തമാക്കിയത്.
ക്രാഫ്റ്റ് വർക്കുകളിൽ താല്പര്യമുണ്ടാരുന്ന അക്ഷരയുടെ വലിയ സ്വപ്നമാണ് ഈ ബഹുമതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയ അക്ഷര മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഉപരിപഠനത്തിനായി തയ്യാറെടുക്കുന്നു. മനോരമ ഏജന്റ് കോട്ടയം ഇടക്കുന്നം പാറയിൽ അജികുമാറിന്റെയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കോട്ടയം ജില്ലാ ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ ശ്രീമതി. ദീപാ ശേഖറിന്റെയും മകളാണ്. അക്ഷയ് സഹോദരൻ.

