പൊന്‍കുന്നം: പമ്പയില്‍നിന്ന് കുമളിക്ക് പോകേണ്ട 33 സ്വാമിമാരാണ് പൊന്‍കുന്നത്ത് കുടുങ്ങിയത്. പൊന്‍കുന്നത്ത് കുടുങ്ങിയ അയ്യപ്പന്മാര്ക്ക് ഗതാഗതമന്ത്രിയുടെ ഇടപെടലില്‍ തുടര്‍യാത്ര.പമ്പയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഇവരെ പൊന്കുന്നത്തുനിന്ന് ബസ് കിട്ടുമെന്നറിയിച്ച് കോട്ടയത്തേക്കുള്ള ബസില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ കയറ്റുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 ഓടെ ഇവരെ പൊന്‍കുന്നത്ത് ഇറക്കി. എന്നാല്‍, രാത്രിയില്‍ കുമളി സര്‍വിസില്ലാത്തതിനാല്‍ ഏറെ കാത്തിരുന്നിട്ടും ബസ് ലഭിച്ചില്ല.
അയ്യപ്പഭക്തര്‍ക്ക് തുണയായി പൊന്‍കുന്നം പൊലീസിൻ്റെ സഹകരണത്തോടെ സന്നദ്ധപ്രവര്‍ത്തകര്‍ നടത്തുന്ന സേവാകേന്ദ്രം രംഗത്തെത്തി. ഇവിടെ സേവനത്തിലുണ്ടായിരുന്ന അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഭക്ഷണം സ്വാമിമാര്‍ക്ക് നല്കി. പിന്നീട് സമീപ ഡിപ്പോകളിലെല്ലാം ബസ് സൗകര്യം തേടിയിട്ടും ലഭ്യമായില്ല. ഇതോടെ ഇവര്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെ വിളിച്ച് സഹായം തേടി.
മന്ത്രി കണ്ട്രോള് റൂമില്‍ ബന്ധപ്പെട്ട് അയ്യപ്പന്മാര്ക്ക് ബസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്കി. എരുമേലിയില്‍നിന്ന് ബസ് എത്തുമെന്നറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് സന്നദ്ധപ്രവര്‍ത്തകരും ഓട്ടോതൊലാളികളും പൊന്‍കുന്നം ഡിപ്പോയിലെത്തി പ്രതിഷേധം അറിയിച്ചു. രാത്രി 12ന് വഴിക്കടവ് റൂട്ടിലെ സര്‍വിസ് കഴിഞ്ഞെത്തിയ ജീവനക്കാര്‍ സേവനസന്നദ്ധരായതോടെ തീര്‍ഥാടകരെ എരുമേലിയിലെത്തിച്ചു. ഡ്രൈവര്‍ ബിജു, കണ്ടക്ടര്‍ താഴത്തേടത്ത് ശ്രീജിത് എന്നിവര്‍ സേവനത്തിന് തയാറായതോടെയാണ് പരിഹാരമുണ്ടായതെന്ന് അയ്യപ്പസേവാസംഘം ഭാരവാഹി പി. പ്രസാദും കോണ്‍ഗ്രസ് നേതാവ് സുരേഷ് ടി.നായരും പറഞ്ഞു. പിന്നീട് എരുമേലി ഓപറേറ്റിങ് സെന്ററില്‍നിന്ന് തീര്‍ഥാടകര്‍ക്കായി കുമളിയിലേക്ക് ബസ് അയക്കുകയായിരുന്നു.
കോട്ടയം ഡിപ്പോയില്‍നിന്ന് പൊന്‍കുന്നം വഴി കുമളി ബസില്ലെന്ന് അറിഞ്ഞിട്ടും ടിക്കറ്റ് തുക ലഭിക്കുമെന്നതിനാല്‍ ഇവരെ കബളിപ്പിച്ച് കയറ്റുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥിതിയായിരുന്നുവെന്നും ആരോപണമുണ്ട്. പമ്പയില്‍തന്നെ ഇവര്‍ തുടര്‍ന്നിരുന്നെങ്കില്‍ അവിടെനിന്ന് കുമളിയിലേക്ക് ബസ് സൗകര്യം ലഭിക്കുമായിരുന്നുവെന്നും തീര്‍ഥാടകര്‍ പറയുന്നു.

