കോട്ടയം: സ്ത്രീ സമത്വ ആശയപ്രചാരണത്തിനായി സംഘടിപ്പിക്കുന്ന സമം പരിപാടിയുടെ ഭാഗമായി ലളിതകലാ അക്കാദമി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തുന്ന വനിതാ ചിത്രകലാ ക്യാമ്പ് നവംബർ 30 സമാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമാപന സമ്മേളനത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കും. ഗായിക വൈക്കം വിജയലക്ഷ്മി, നടിയും സഹസംവിധായകയും വസ്ത്രാലങ്കാരത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേത്രിയുമായ സബിത ജയരാജ്, തബല വാദക രത്നശ്രീ അയ്യർ, 104 -ാം വയസിൽ സാക്ഷരത മികവുത്സവത്തിൽ വിജയിച്ച അക്ഷരമുത്തശി കുട്ടിയമ്മ കോന്തി, നർത്തകി ഭവാനി ചെല്ലപ്പൻ, ദേശീയ ദിന്നശേഷി പുരസ്കാര ജേത്രി രശ്മി മോഹൻ എന്നിവരെയാണ് ആദരിക്കുക.
സമാപന സമ്മേളനം നടി മിയ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി അധ്യക്ഷയാകും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ കളക്ടർ പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി ഡി. ശിൽപ, ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, നിർവാഹക സമിതിയംഗം ബാലമുരളീകൃഷ്ണൻ, സെക്രട്ടറി പി.വി. ബാലൻ എന്നിവർ പങ്കെടുക്കും. വിദ്യാർഥിനികൾക്കായി സംഘടിപ്പിച്ച ത്രിദിന ചിത്രകലാ പഠനകളരിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്യും.

