വാഴൂർ: ഗ്രാമപഞ്ചായത്ത് പരിധിയിൽ വാഴൂർ കൃഷിഭവന്റെ നേതൃത്വത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് നടപടികളാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ 70 ഹെക്ടർ സ്ഥലത്തെ 12250 തെങ്ങുകൾക്ക് തടം തുറക്കൽ, ജൈവ-ജീവാണു വളം, കക്ക, രാസവളം എന്നിവ നൽകൽ തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി മരുന്ന് തളിക്കുക തുടങ്ങിയ പദ്ധതികളാണ് കേരഗ്രാമത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ആകെ ചിലവിന്റെ കുറഞ്ഞത് 50% തുകയെങ്കിലും കേരഗ്രാമം പദ്ധതിയിൽ അനുകൂല്യമായി ലഭ്യമാക്കുന്നു. കേരകർഷകർക്ക് വാർഡ്തല കൺവീനർമാർ വഴി അപേക്ഷ ലഭ്യമാക്കുന്നതാണ്. സ്ഥലം ഉടമയുടെപേരിലുള്ള അപേക്ഷയോടൊപ്പം വസ്തുവിന്റെ തന്നാണ്ട് കരമടച്ച രസീത്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി, വൗച്ചറുകൾ എന്നിവ സഹിതം മുൻകൂട്ടി അറിയിപ്പ് നൽകി പഞ്ചായത്തിലെ പുളിക്കൽകവല, കൊടുങ്ങൂർ, ചാമംപതാൽ എന്നീ സ്ഥലങ്ങളിൽ വച്ച് കൃഷി ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതാണ്.
പരിശോധനകൾക്കുശേഷം പെർമിറ്റ് കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്ന മുറയ്ക്ക് വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ വളം ഡിപ്പോകളിൽ നിന്നും ഗുണഭോക്തൃവിഹിതം അടച്ച് രാസവളവും കക്കയും കർഷകർക്ക് വാങ്ങാവുന്നതാണ്. സമിതി കൺവീനർമാർ വാർഡ് മെമ്പറുടെ മേൽനോട്ടത്തിൽ അപേക്ഷ നൽകിയിട്ടുള്ള കേരകർഷകരുടെ തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് പ്രയോഗം നൽകുന്നതാണ്. തെങ്ങുകയറ്റ കൂലിയുടെയും മരുന്നിനെയും ചിലവിന്റെ ഗുണഭോക്തൃവിഹിതം വാർഡ് കൺവീനർമാരെ ഏൽപ്പിക്കേണ്ടതാണ്.
മേൽസൂചിപ്പിച്ച പ്രവർത്തികളുടെ വിജയകരമായ പൂർത്തീകരണ സാക്ഷ്യപത്രം കൺവീനർ രേഖപ്പെടുത്തി നൽകേണ്ടതാണ്. വാഴൂർ കേരഗ്രാമത്തിന്റെ പഞ്ചായത്ത്തല സമിതി പ്രസിഡന്റായി ശ്രീ.എ. ജെ. തോമസിനെയും ജനറൽ കൺവീനറായി ശ്രീ. ബേസിൽ വർഗ്ഗീസിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. കേരഗ്രാമം പദ്ധതി പരമാവധി പ്രയോജനപ്പെടുത്തുന്നതിന് എല്ലാ കേരകർഷകരുടെയും സഹകരണം ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി റെജിയും കൃഷി ഓഫീസർ ജി. അരുൺകുമാറും അഭ്യർത്ഥിച്ചു.

