കോട്ടയം: കിടങ്ങൂർ-ഏറ്റുമാനൂർ ബൈപ്പാസിൽ കട്ടച്ചിറയിലായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ആംബുലൻസ് ഓടിക്കാനുള്ള കരിക്ക് വിൽപ്പനക്കാരന്റെ ശ്രമം അപകടത്തിൽ കലാശിച്ചു.ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. അപകടത്തിൽ നാലുപേർക്കു പരിക്കേറ്റു. പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
രോഗിയെ ഇറക്കിയശേഷം തിരികെ വരുന്ന വഴി ഡ്രൈവർ കരിക്കു കുടിക്കുവാനായി വാഹനം റോഡരികിൽ നിർത്തിയപ്പോൾ ഡ്രൈവറുടെ ശ്രദ്ധമാറിയ സമയത്ത് കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസിൽ കയറി വാഹനം ഓടിക്കുകയായിരുന്നു. ഈ സമയം ഡ്രൈവർ വാഹനത്തിന്റെ താക്കോൽ വാഹനത്തിൽ വെച്ചിരുന്നു. ആംബുലൻസ് സ്റ്റാർട്ട് ചെയ്ത ഗിയർ ഇട്ടതോടെ വാഹനം പിന്നോട്ട് ഓടുകയായിരുന്നു.
പിന്നാലെ വന്ന രണ്ട് ഓട്ടോറിക്ഷകളിലും നിർത്തിയിട്ടിരുന്ന ബൈക്കിലും ആംബുലൻസ് ഇടിച്ചുകയറി. ഒരു ഓട്ടോ റോഡിൽ തലകീഴായി മറിഞ്ഞു. ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കും നിർത്തിയിട്ടിരുന്ന ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ഇവരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട സ്വദേശി ജബാർ, പാലാ സ്വദേശി സണ്ണി എന്നിവരുടെതാണ് ഓട്ടോറിക്ഷകൾ. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

