കോട്ടയം: ക്ഷീരവികസന വകുപ്പിന്റെയും വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്കിലെ ക്ഷീരസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 6ന് ക്ഷീരകർഷകസംഗമവും തരിശുനില തീറ്റപ്പുൽ കൃഷി വിളവെടുപ്പും നടക്കും. ഉച്ചയ്ക്ക് 12ന് കൊടുങ്ങൂർ തീറ്റപ്പുൽകൃഷി തോട്ടത്തിൽ നടക്കുന്ന പൊതുസമ്മേളനവും തീറ്റപുൽ കൃഷി വിളവെടുപ്പും ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റാഫി പോൾ റിപ്പോർട്ട് അവതരിപ്പിക്കും. ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആദരിക്കും. പശു നഷ്ടപ്പെട്ട കർഷകന് അനുവദിച്ച കറവ ശുവിനെ ക്ഷീരവികസനവകുപ്പ് ഡയറക്ടർ വി.പി. സുരേഷ് കുമാർ കൈ മാറും.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി. റെജി, സി.ആർ. ശ്രീകുമാർ, ശ്രീജിഷ കിരൺ, ബീന നൗഷാദ്, കെ.എസ്. റംല ബീഗം, ടി.എസ്. ശ്രീജിത്ത്, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഡെപ്യൂട്ടി ഡയറക്ടർ ( പ്ലാനിംഗ് ) സിൽവി മാത്യു, ക്ഷീര വികസന ഓഫീസർമാരായ രാജി എസ്. മണി, ടി.എസ്. ഷിഹാബുദീൻ, ഡയറി ഫാം ഇൻസ്ട്രക്ടർമാരായ ടോണി വർഗീസ്, ആർ.എസ്. ദിവ്യമോൾ, കൊടുങ്ങൂർ ക്ഷീരസംഘം പ്രസിഡന്റ് കൃഷ്ണൻകുട്ടി ചെട്ടിയാർ, സഹകാരികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശന മത്സരം, ഗവ്യജാലകം, ക്ഷീരവികസന സെമിനാർ, ക്ഷീരകർഷകരെ ആദരിക്കൽ, കാർഷിക വിളകളുടെ പ്രദർശനം തുടങ്ങിയ വിവിധപരിപാടികൾ സംഘടിപ്പിക്കും.

