ഉപഭോക്താവിനെ പരിചയപ്പെടുത്താൻ എത്തിച്ച കാറിന്റെ സ്പീഡോമീറ്റർ കേബിൾ ഊരിമാറ്റിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് മോട്ടോർവാഹന വകുപ്പ് പിഴ ചുമത്തി.കാഞ്ഞിരപ്പള്ളിയിലെ വിപണനകേന്ദ്രത്തിൽനിന്ന് കുമളിയിലുള്ള ഉപഭോക്താവിനെ പരിചയപ്പെടുത്തിയശേഷം മടങ്ങിയ വാഹനമാണ് മോട്ടോർവാഹന വകുപ്പിന്റെ പരിശോധനയിൽ പിടിയിലായത്. കോട്ടയത്തുനിന്ന് ഓടിയെത്തി മടങ്ങിയ വാഹനത്തിന്റെ സ്പീഡോമീറ്റർ പ്രവർത്തിച്ചിരുന്നില്ല.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കേബിൾ ബന്ധം വിച്ഛേദിച്ചതായി കണ്ടെത്തിയത്. മോട്ടോർവാഹന നിയമലംഘന ശിക്ഷാ നിയമപ്രകാരം 1,03,000 രൂപ പിഴ ചുമത്തിയശേഷം വാഹനം വിട്ടുനൽകി.കിലോമീറ്ററുകൾ ഓടിയ വാഹനം പുതിയ വാഹനമെന്ന നിലയിൽ ഉപഭോക്താവിന് നൽകുന്നത് നിയമവിരുദ്ധവും വഞ്ചനയുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടോർവാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് എം.വി.ഐ. വി.അനിൽകുമാർ, എ.എം.വി.ഐ. എസ്.എൻ.അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.
| Group56 |


