ചിന്നക്കനാലിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടി കൊണ്ടുവന്ന അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലെ മുല്ലക്കൊടി ഉൾവനത്തിൽ തുറന്നുവിട്ടു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. തുറന്നു വിട്ട റോഡിനരുകിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളവനത്തിലേക്ക് അരികൊമ്പൻ പോയി.
അരി കൊമ്പന്റെ റേഡിയോ കോളറിൽ നി ന്നുള്ള ആദ്യ സിഗ്നലും ലഭിച്ചു. തിരികെ ഇറക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അരിക്കൊമ്പനെ മുല്ലക്കൊടി ഭാഗത്ത് ഉൾവനത്തിലാണ് തുറന്നുവിട്ടതെന്ന് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു അറിയിച്ചു. ആന പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.
ആനയുടെ നീക്കങ്ങൾ ജിപിഎസ് കോളർ വഴി വനംവകുപ്പ് നിരീക്ഷിക്കും. ചിന്നക്കനാലില്‍ നിന്ന് ഏകദേശം 105 കിമി ദൂരത്തേക്കാണ് ഇപ്പോള്‍ അരിക്കൊമ്പനെ മാറ്റിയിരിക്കുന്നത്. കുമളി മംഗളാദേവി ഗേറ്റിലൂടെ വനത്തിലേക്ക് പ്രവേശിപ്പിച്ച കൊമ്പനെ പൂജ ചെയ്താണ് പ്രദേശത്തെ ആദിവാസി സമൂഹം വരവേറ്റത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാഗമായാണ് വനംവകുപ്പിന്‍റെ അനുമതിയോടെ പൂജ നടത്തിയതെന്ന് മന്നാന്‍ വിഭാഗത്തില്‍പ്പെട്ട അരുവി പറഞ്ഞു.


