കറുകച്ചാലിൽ ബാറിനുള്ളിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരേ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത് കിഴക്കേപുരയ്ക്കൽ വീട്ടിൽ അമ്പാടി എന്ന് വിളിക്കുന്ന വിഷ്ണു ഹരികുമാർ (22), മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത് മരുതു പറമ്പിൽ വീട്ടിൽ ബിനു ജോസഫ് (41), മാടപ്പള്ളി മാമൂട് വഴിപ്പടി ഭാഗത്ത് ഓവേലിൽ വീട്ടിൽ ബിബിൻ ആന്റണി (25), മാടപ്പള്ളി പെരുമ്പനച്ചി പുന്നാച്ചിറ ഭാഗത്ത് മൂലയിൽ വീട്ടിൽ ബെറ്റോ ടോം (21) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് 8 മണിയോടുകൂടി കറുകച്ചാൽ ആർക്കാഡിയ ബാറിലിരുന്ന് മദ്യപിക്കുകയായിരുന്ന ഇവർ ഉച്ചത്തിൽ സംസാരിച്ച് പരസ്പരം ചീത്തവിളിക്കുകയായിരുന്നു.ഇത് സമീപ ടേബിളിലിരുന്ന വാകത്താനം പുത്തൻചന്ത സ്വദേശിയായ യുവാവ് നോക്കിയതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് യുവാവിനെ ബിയർ കുപ്പി പൊട്ടിച്ചു കുത്താൻ ശ്രമിക്കുകയും, കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,ജില്ലാപോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ പിടികൂടുകയുമായിരുന്നു.
| Group63 |


