കേരളാ സർക്കാറിൻ്റെ ലോഗോയും പൊതു വിദ്യാസ വകുപ്പിൻ്റെ പേരും ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വെബ് സൈറ്റ് ലിങ്ക് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാണ് വിവരശേഖരണം. വലിയ തട്ടിപ്പിൻ്റെ മുന്നോടിയായി നടക്കുന്ന ഈ ഡാറ്റാ ശേഖരണത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കേരളാ സർക്കാർ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്പ്ടോപ്പ് നൽകുന്നുവെന്നും ആവശ്യമുള്ളവർ രജിസ്റ്റർ ചെയ്യണമെന്ന് കാണിച്ചുള്ള വെബ് സൈറ്റ് ലിങ്കാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ പ്രചരിപ്പിക്കുന്നത്.
സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ സഹിതം വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ് എന്ന് പരസ്യം കണ്ടാൽ കയറി ക്ലിക്ക് ചെയ്യരുത്. മറ്റൊരു തട്ടിപ്പിലേക്കാവാം നിങ്ങൾ ചെന്ന് വീഴുക. ഇത്തരമൊരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു.
‘ഇത് വ്യാജ പ്രചരണം ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ പൊലീസിൽ പരാതി നൽകും,’ മന്ത്രി പോസ്റ്റിൽ കുറിച്ചു.
| Group63 |


