വാഴൂർ : വാഴൂർ ഗവൺമെൻറ് ഹൈസ്കൂളിൽ ഡ്രീംസ് @2023 ത്രിദിന ക്യാമ്പ് സമാപിച്ചു. സ്കൂളിലെ തന്നെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച മൂന്ന് ദിവസ ക്യാമ്പ് വ്യത്യസ്തമായ പരിപാടികളിലൂടെയാണ് കടന്നുപോയത്. വേനലവധിക്കാലത്ത് കുട്ടികൾ സ്മാർട്ട് ഫോണിൻറെ പുറകെ നിൽക്കുമ്പോൾ അതിൽ നിന്ന് മാറി, കുട്ടികളുടെ സർഗാത്മകത വളർത്തിയെടുക്കുകയും അവരെ സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കാവുന്ന തരത്തിലുള്ള വ്യത്യസ്തമായ വിനോദ, വിജ്ഞാന പ്രോഗ്രാമുകൾ കോർത്തിണക്കിക്കൊണ്ട് ക്യാമ്പ് മനോഹാരിതമാക്കുകയായിരുന്നു. അഞ്ചാം ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികൾക്കായിരുന്നു ക്യാമ്പ്.
ക്യാമ്പിൽ 80 ഓളം കുട്ടികൾ പങ്കെടുത്തു. 26 തീയതി ആരംഭിച്ച ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല വി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് എഫക്റ്റീവ് ടീച്ചർ സ്ഥാപക അംഗമായ എൻ ഡി ശിവൻ ഒറിഗാമി എന്ന പ്രോഗ്രാമിലൂടെ കുട്ടികളെ ക്യാമ്പിന്റെ മനോഹാരിതയിലേക്ക് എത്തിച്ചു.
തുടർന്ന് വെണ്മണി സ്കൂളിലെ അധ്യാപകനായ സജി ജേക്കബ് ചിത്രകലയുടെ പ്രസക്തിയും പരിശീലനവും എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ചിത്രകല , ക്രാഫ്റ്റ് പരിശീലനം എന്നിവയിൽ ഊന്നിയ ക്ലാസ് നയിച്ചു. രണ്ടാം ദിവസം ക്ലിനിക്കൽ സൈക്കോളജിസ്റ്റായ സുബിത മോട്ടിവേഷണൽ ക്ലാസ് എടുത്തു.
തുടർന്ന് കാഞ്ഞിരപ്പള്ളി പേട്ട ഗവർമെൻറ് ഹൈസ്കൂൾ അധ്യാപകൻ ജയ്സൺ തോമസ് കാഴ്ച പരിമിതിയെ നേരിടുന്ന മാർഗങ്ങളെപറ്റിയും, ബ്രെയിൽ ലിപിയെ പറ്റിയും ക്ലാസെടുത്തു.തുടർന്ന് സ്കൂളിലെ മലയാള അധ്യാപകനായ പി ഹരികുമാർ നാടക കളരിക്ക് തുടക്കം കുറിച്ചു.മൂന്നാം ദിവസം നാടക കളരിയുടെ ഭാഗമായി നാലു ഗ്രൂപ്പുകളായി തിരിച്ച് കുട്ടികൾ തന്നെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കി രംഗത്ത് അവതരിപ്പിച്ചത് ക്യാമ്പിനെ വ്യത്യസ്തമാക്കി.അവസാന ദിവസം മെഗാക്വിസും ക്യാമ്പ് അവലോകനവും നടന്നു.
സമാപന സമ്മേളനത്തിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, മെമ്പറുമായ പുഷ്കല ദേവി ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡൻറ് സുധീഷ് വെള്ളാപ്പള്ളി ,മുൻ പിടിഎ പ്രസിഡൻറ് പ്രസാദ്, കമ്മിറ്റിയംഗം ജെയിംസ്, അധ്യാപകർ, അനധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ക്യാമ്പ് കോഡിനേറ്റർ ലാൽ വർഗീസ് സ്വാഗതവും രശ്മി ആർ കൃതജ്ഞതയും പറഞ്ഞു.


