മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെയും അതിര്‍ത്തി പഞ്ചായത്തുകളായ പെരുവന്താനം, കൊക്കയാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ് സുരക്ഷിത സ്‌ഥാനങ്ങള്‍ തേടുന്നത്. പുതുതലമുറയുടെ നിര്‍ബന്ധമാണ് പലരെയും പതിറ്റാണ്ടുകളായി താമസിക്കുന്ന സ്‌ഥലങ്ങളില്‍ നിന്നു മാറാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. നിലവില്‍ താമസിക്കുന്ന സ്‌ഥലം വിറ്റും, വില്‍ക്കാതെയും സൗകര്യപ്രദമായ സ്‌ഥലം തേടുന്നവരുണ്ട്. കാഞ്ഞിരപ്പള്ളി, മീനച്ചില്‍, കോട്ടയം താലൂക്കുകളിലെ വെള്ളപ്പൊക്ക, ഉരുള്‍പ്പൊട്ടല്‍ ഭീഷണിയില്ലാത്ത സ്‌ഥലങ്ങളിലേക്കാണ് ഇവരുടെ പാലായനം.
2018 ലെ അതിതീവ്രമഴയും 2021ലെ മിന്നല്‍ മഴയും മലയോര മേഖലയെ പിടിച്ചു കുലുക്കിയിരുന്നു.ഇതേത്തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും മലയോര ജനതയുടെ ഉറക്കം കെടുത്തി, ഒപ്പം വന്‍ സാമ്പത്തിക നഷ്‌ടവും. ഇതിനു പിന്നാലെ, നിരവധി പേര്‍ മലയിറങ്ങിയിരുന്നു.ഇതിനു പിന്നാലെയാണ്, മലയോര മേഖലകളില്‍ കാട്ടുമൃഗശല്യം രൂക്ഷമായിരിക്കുന്നത്. ആന, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത്, മലയണ്ണാന്‍ എന്നിങ്ങനെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഇതിനൊപ്പം പലയിടങ്ങളിലും പുലി, കടുവ എന്നിയവുടെ സാന്നിധ്യവുമുണ്ട്.
കോരുത്തോട് പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും ഇരുള്‍ പരന്നാല്‍ ജനങ്ങള്‍ ഇറങ്ങാന്‍ മടിക്കുകയാണ്. ഇതിനൊപ്പമാണ് ബഫര്‍ സോണ്‍ ഭീഷണി. അടുത്തിടെ സുപ്രീം കോടതി വിധിയുണ്ടായെങ്കിലും വനാതിര്‍ത്തിയില്‍ നിന്നുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണായി തന്നെ തുടരുമെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
പുതിയ തലമറയില്‍പ്പെട്ടവരില്‍ ഏറെയും സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജോലിക്കാരായതിനാല്‍ എല്ലാം ഇട്ടെറിഞ്ഞു പോരുന്നതില്‍ ആശങ്കയില്ല.വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരും സുരക്ഷിത സ്‌ഥാനം തേടാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു. എന്നാല്‍, പതിറ്റാണ്ടുകളുടെ അധ്വാന ഫലങ്ങള്‍ ഉപേക്ഷിച്ചു പോരുന്നതില്‍ ഇവരുടെ മാതാപിതാക്കള്‍ക്കു യോജിപ്പുമില്ല.
കൃത്യമായ ഇടവേളകളില്‍ തിരിച്ചെത്തി കൃഷി പരിപാലിക്കാമെന്ന പ്രതീക്ഷയിലാണ് പലരും നാടുവിടുന്നതെങ്കിലും പലപ്പോഴും നടപ്പാകാറുമില്ല.


