വിവാദ സിനിമ ‘ദി കേരള സ്‌റ്റോറി’ക്കെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. അത് നിങ്ങളുടെ കേരളത്തിന്റെ കഥയായിരിക്കാം, ഞങ്ങളുടെ കേരളത്തിന്റെ കഥയല്ലായെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്ന സംഘ്പരിവാറിനും സിനിമാ പ്രവർത്തകർക്കുമെതിരെയാണ് ശശി തരൂരിന്റെ വിമർശനം.സംസ്ഥാനത്ത് നിന്ന് 32,000 പെൺകുട്ടികൾ കാണാതാകുകയും പിന്നീട് ഭീകര സംഘടനയായ ഐ.എസിൽ ചേരുകയും ചെയ്തുവെന്നാണ് ചിത്രം പറയുന്നത്.
സുദീപ്‌തോ സെൻ സംവിധാനം ചെയ്ത് വിപുൽ അമൃത്ലാൽ ഷാ നിർമ്മിച്ച ചിത്രം 2023 മെയ് 5 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തിലെ 32,000 സ്ത്രീകൾ മതംമാറി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായി എന്ന വ്യാജേനയുള്ള ‘ദി കേരള സ്റ്റോറി’ക്ക് പ്രദർശനാനുമതി നൽകരുത്. സിനിമ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് ട്രെയിലറിൽനിന്ന് വ്യക്തമാണെന്നും വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു


