പണം എടുക്കുന്നതിനായി എടിഎമ്മിൽ ഉപയോഗിച്ച ഡെബിറ്റ് കാർഡ് തിരികെ എടുക്കുന്നതിനിടെ മെഷീൻ തകർന്നു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് സംഭവം. റാന്നി ഉതിമൂട് സ്വദേശി ചാർളി രാവിലെ ഏഴ് മണിക്കാണ് പണമെടുക്കാനായി പട്ടണത്തിലെ ഫെഡറൽ ബാങ്ക് എടിഎമ്മിലെത്തിയത്. പണം എടുക്കുന്നതിനിടെ കാർഡ് തിരിച്ചെടുക്കാൻ ശ്രമിക്കുമ്പോഴാണ് മെഷീൻ തകർന്നത്.
മെഷീനിൽ കുടുങ്ങിയ കാർഡ് ബലമായി പിടിച്ചുവലിക്കുമ്പോൾ എടിഎം മെഷിന്‍റെ മുൻഭാഗം തകരുകയായിരുന്നു. ഇതോടെ ചാർളി ആശങ്കയിലായി. എടിഎം തകർത്ത് കവർച്ച നടത്തിയെന്ന ആരോപണം നേരിടുമോയെന്നാണ് ചാർളി ഭയപ്പെട്ടത്.
ഇതോടെ സമീപത്തുണ്ടായിരുന്ന ഭാഗ്യക്കുറി ടിക്കറ്റ് വിൽപനകാരൻ രാജേഷിനെ വിളിച്ചു കാണിച്ചു. മോഷണശ്രമമായി വ്യാഖ്യാനിക്കാൻ ഇടയുള്ളതിനാൽ, ഉടൻ തന്നെ വിവരം പൊലീസിനെയും ബാങ്ക് അധികൃതരെയും അറിയിച്ചു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ബാങ്ക് അധികൃതരുടെ സാന്നിദ്ധ്യത്തിൽ പൊലീസ് എടിഎം മെഷീൻ പരിശോധിച്ചു. ഇതോടെയാണ് മോഷണശ്രമമല്ലെന്ന് ഉറപ്പാക്കിയത്. ഇതിനുശേഷം ചാർളിയുടെ മൊഴിയെടുത്തശേഷം പൊലീസ് പോകാൻ അനുവദിക്കുകയായിരുന്നു.
വർഷങ്ങളായി എടിഎമ്മിൽനിന്ന് പണം എടുക്കാറുള്ള തനിക്ക് ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്ന് ചാർളി പറയുന്നു. എന്തുകൊണ്ടാണ് എടിഎം മെഷീൻ തകർന്നതെന്ന് പരിശോധിക്കുമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ഇതിനായി എടിഎം മെഷീൻ സർവീസ് ചെയ്യുന്ന വിദഗ്ദരുടെ സഹായം തേടിയതായും ബാങ്ക് അധികൃതർ പറഞ്ഞു.





