ഓഗസ്റ്റ് മാസത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് സാമ്പത്തിക മാറ്റങ്ങൾ.
2023 ഓഗസ്റ്റ് 12 മുതൽ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ ക്യാഷ്ബാക്കും ഇൻസെന്റീവ് പോയിന്റുകളും കുറച്ചിട്ടുണ്ട്. യാത്രാ സംബന്ധമായ കാര്യങ്ങൾക്കായി നിങ്ങളുടെ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 1.5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
സർക്കാർ സേവനങ്ങൾക്ക് പണമടയ്ക്കാൻ മർച്ചന്റ് കാറ്റഗറി കോഡ് (MCC) ഉപയോഗിക്കുന്നതിന് ക്യാഷ്ബാക്ക് ലഭിക്കില്ല. ഇന്ധനം വാങ്ങുന്നത്, ഫ്ലിപ്കാർട്ടിലും മിന്ത്രയിലും ഗിഫ്റ്റ് കാർഡ് വാങ്ങുന്നത്, ഇഎംഐ ഇടപാടുകൾ തുടങ്ങിയ പണമിടപാടുകൾക്കും ക്യാഷ്ബാക്ക് ലഭിക്കില്ല.
എസ്ബിഐ അമൃത് കലശ് പദ്ധതിയിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 15, ആക്കി മാറ്റിയിട്ടുണ്ട്. സാധാരണ ഉപഭോക്താക്കൾക്ക് 7.1 ശതമാനം പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം പലിശ നിരക്കും ആണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. എസ്ബിഐയുടെ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ് ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തിൽ വന്നത്. 400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശനിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യൻ ബാങ്ക് 2023 മാർച്ച് 6 മുതൽ ഇന്ത്യൻ ബാങ്ക് ഇന്ത്യ സൂപ്പർ 400 ഡേയ്സ് എന്ന പേരിൽ ഒരു പുതിയ പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്കീം അവതരിപ്പിച്ചിരുന്നു. ഇത് 400 ദിവസത്തെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. FD/MMD രൂപത്തിൽ 10,000 മുതൽ 2 കോടിയിൽ താഴെ വരെ നിക്ഷേപം നടത്താം.
സ്കീമിന് കീഴിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 31 ആണ്. ഈ പദ്ധതിക്ക് കീഴിൽ ഇന്ത്യൻ ബാങ്ക് ഇപ്പോൾ പൊതുജനങ്ങൾക്ക് 7.25 ശതമാനവും, മുതിർന്നവർക്ക് 7.75 ശതമാനവും, സൂപ്പർ സീനിയർ പൗരന്മാർക്ക് 8 ശതമാനവും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
2023 ജൂലൈ 31-നകം ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്ത നികുതിദായകർക്ക് പിഴകൾ അടക്കേണ്ടി വരും. ജൂലൈ 31 ശേഷം, അതായത്, ഓഗസ്റ്റ് മുതൽ ഐടിആർ ഫയൽ ചെയ്യുന്നവർക്ക് 5,000 രൂപ വരെ പിഴ ഈടാക്കും. വൈകിയുള്ള റിട്ടേണുകൾ ഫയൽ ചെയ്യാൻ 2023 ഡിസംബർ 31 വരെ സമയമുണ്ട്.
ഐഡിബിഐ ബാങ്ക് അമൃത് മഹോത്സവ് സ്കീമിൽ 2023 ഓഗസ്റ്റ് 15 വരെ നിക്ഷേപിക്കാം. 444 ദിവസത്തേക്കുള്ള പദ്ധതി 7.65 പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 375 ദിവസത്തെ മറ്റൊരു പുതിയ സ്കീം 2023 ജൂലൈ 14 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന് 2023 ഓഗസ്റ്റ് 15 വരെ സാധുതയുണ്ട്.




