കങ്ങഴ പഞ്ചായത്തിലെ പ്ലാക്കല്‍പടി വെള്ളാവൂര്‍ റോഡ് ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തി ടെണ്ടര്‍ ചെയ്തതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 10.39 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണ ചെലവ്. 5.5 മീറ്റര്‍ വീതിയില്‍ ബി എം ബി സി നിലവാരത്തില്‍ തയാറാക്കുന്ന റോഡില്‍ നിലവിലെ പഴയ പാലങ്ങള്‍ക്ക് പകരം പാലങ്ങള്‍, സംരക്ഷണഭിത്തികള്‍, ഓടകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തിക്ക് ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പരിപാലനത്തിന് ആവശ്യമായ തുക കൂടി അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പദ്ധതിയാണ്. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
2019 കാലഘട്ടത്തില്‍ ഈ റോഡുകള്‍ പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുതിന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് നിവേദനം സമര്‍പ്പിച്ച് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കോവിഡ് മൂലം നടപടികള്‍ വൈകി. സംസ്ഥാന സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്കാണ് അനുമതി ലഭിക്കുന്നത്.
പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശവാസികള്‍ റോഡിന് വീതി കൂട്ടുന്നതിന് അധികമായി വേണ്ടി വന്ന സൗജന്യമായി വിട്ടുനല്‍കിയിരുന്നു. അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ റോഡിന്റെ അവസ്ഥ ശോചനീയമായിരുന്നു. കങ്ങഴ, വെള്ളാവൂര്‍ പഞ്ചായത്തുകളിലെയും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും
ജനപ്രതിനിധികള്‍ തദ്ദേശവാസികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ എന്നിവരുടെയെല്ലാം കൂട്ടായ പരിശ്രമത്തിലൂടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കാനാകുമെന്നും റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.




