നിലമ്പൂർ കരുളായിയിൽ സ്കൂൾ ബസിൽ സൈക്കിൾ ഇടിച്ച് വിദ്യാർത്ഥി അത്ഭുതകരമായ രക്ഷപ്പെട്ടു. കരുളായി കെ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി ഭൂമിക്കുത്ത് കോട്ടുറ്റ ആതിഥ് ( 14) നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം.
പാലാങ്കര ഭാഗത്തു നിന്ന് സൈക്കിളുമായി എത്തിയ വിദ്യാർത്ഥി കരുളായി അങ്ങാടിയിൽ നിന്ന് വാരിക്കൽ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂൾ ബസിലേക്ക് ഇടിക്കുകയായിരുന്നു. ഈ അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് വിദ്യാർഥി ചവിട്ടിയ സൈക്കിൾ പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി ബസിനടിയിൽപ്പെട്ടു. ടയറിനടിയിൽപ്പെടാതെ മാറിയതാണ് കുട്ടിക്ക് രക്ഷയായത്. സൈക്കിൾ ഇടിച്ചതിന് തൊട്ടുപിന്നാലെ ബസ് നിർത്തുകയായിരുന്നു.
ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തി ഉടൻതന്നെ വിദ്യാർത്ഥിയെ വാരിയെടുത്ത് സമീപത്തുള്ള ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.