വാഴൂർ: വാഴൂരിൻ്റെ അക്ഷരമുത്തശ്ശിക്ക് പുതിയ കെട്ടിടം ഒരുങ്ങി. 110 വർഷം പിന്നിടുന്ന, നിരവധി തലമുറകൾക്ക് അക്ഷരദീപം പകർന്നു നൽകിയ ഗവ.ഹൈസ്കൂളിന് പുതിയ കെട്ടിടം പണി പൂർത്തിയായി ഉദ്ഘാടനത്തിനായി ഒരുങ്ങി. കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.
ഗവ.ചീഫ്. വിപ്പ് ഡോ.എൻ.ജയരാജിൻ്റെ നിർദ്ദേശപ്രകാരം നബാർഡ് ഫണ്ടിൽ നിന്നും അനുവദിച്ച 2 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജൂലൈ നാലാം തിയതി മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.
ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് അദ്ധ്യക്ഷത വഹിക്കും. ലോകസഭാംഗം ആൻ്റോ ആൻറണി മുഖ്യ പ്രഭാഷണം നടത്തും. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി.റെജി സ്വാഗതം ആശംസിക്കും.
കോട്ടയം ജില്ലാ പ്രസിഡൻ്റ് കെ.വി. ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം റ്റി.എൻ .ഗിരിഷ് കുമാർ, വാഴൂർ ബ്ലോക്ക് പ്രസിഡൻറ് മുകേഷ് കെ.മണി തുടങ്ങി ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. വിദ്യാകിരണം പദ്ധതി കോർഡിനേറ്റർ കെ.ജെ പ്രസാദ് പദ്ധതി വിശദീകരണം നടത്തും.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല വി. കൃതജ്ഞത അർപ്പിക്കും.പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഗാനമേളയും കലാസന്ധ്യയും തുടർന്ന് നടക്കും.





