അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. പരുമല കൃഷ്ണവിലാസം സ്കൂളിന് സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ദമ്പതികളുടെ മകനായ കൊച്ചുമോൻ എന്ന അനിൽകുമാർ (50) ആണ് ഇരുവരെയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊന്നതെന്നാണ് പൊലീസ് പറയുന്നത്.
ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. തിരുവല്ല ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള സംഘമെത്തി വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്തുകയാണ്.




