ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ഹമൂൺ’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ ഖേപുപാറയ്ക്കും ചിറ്റഗോംഗിനുമിടയിൽ കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹമൂൺ ചുഴലിക്കാറ്റ് തീവ്രമായതോടെ ഏഴ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ഒഡീഷ, പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയത്.
ഹമൂൺ ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഹമൂൺ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.