മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു. 92 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 8 മണിയോടെ വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്.
ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു യുപിഎ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതോടെ 2008 ജൂലൈ 22ന് മൻമോഹൻ സർക്കാർ ലോക്സഭയിൽ വിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിക്കുകയായിരുന്നു.
2009ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയപ്പോൾ മൻമോഹൻസിങ് വീണ്ടും പ്രധാനമന്ത്രിയായി. ഇന്ത്യാ വിഭജനത്തിനു മുൻപ് ഇപ്പോഴത്തെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന് ഗുർമുഖ് സിംഗിന്റേയും അമൃത് കൗറിന്റേയും മകനായി ജനനം. പഞ്ചാബ് സർവകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠനം. റിസർവ് ബാങ്ക് ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) അംഗമെന്നനിലയിലും ശ്രദ്ധേയനായി.






