വാഴൂർ: ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമായി കിഴക്കിന്റെ കവാടമായ വാഴൂര് നക്ഷത്ര ജലോത്സവത്തിന് തുടക്കം കുറിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി നക്ഷത്ര ജലോത്സവം ഉദ്ഘാടനം നിർവഹിച്ചു. ശ്രീ പ്രജ്ഞാനന്ദതീർത്ഥപാദസ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത എസ് പിള്ള, ബ്ലോക്ക് മെമ്പർ പി എം ജോൺ, ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻറ് ഡി. സേതുലക്ഷ്മി,
ഗ്രാമപഞ്ചായത്ത് മെമ്പർമാർ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സൗമ്യ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് എ കെ ജെ എം സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് അംഗങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് സോപാനസംഗീതം, തിരുവാതിര തുടങ്ങിയവ വേദിയിൽ അരങ്ങേറി.
ശാസ്താംകാവ് വലിയതോട് പൊത്തൻപ്ലാക്കൽ ചെക്ക് ഡാമിൽ ആണ് ഇരുപത്തിയെട്ടാം തീയതി വരെ നക്ഷത്ര ജലോത്സവം.രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് മൂന്നു മുതൽ 8 വരെയും ആണ് സമയം. കുട്ടവഞ്ചി യാത്ര, വള്ളം യാത്ര, കയാക്കിങ്, ഊഞ്ഞാലാട്ടം ,കുതിരസവാരി തുടങ്ങി വിവിധങ്ങൾ ആസ്വദിക്കാം.ഒരാൾക്ക് 50 രൂപയാണ് ഫീസ്. ദിവസേന കലാപരിപാടികളും അരങ്ങേറും. കൊടുങ്ങൂർ ജംഗ്ഷനിൽ നിന്ന് മണിമല റോഡ് വഴി കല്ലുതെക്കേയിൽ കൂടിയാണ് ജലോത്സവ നഗരിയിലേക്ക് എത്തുക.







