കോട്ടയം : വാഴൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ലൈഫ് ഭവന പദ്ധതിയുടെ അന്തിമ പട്ടികയിൽ അനർഹർ കയറി കൂടിയിട്ടുണ്ടെന്നും, ഇവരെ എത്രയും വേഗം ഒഴിവാക്കി പകരം യോഗ്യതയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനും, ലൈഫ് മിഷൻ സി.ഇ.ഒ സൂരജ് ഷാജി ഐ.എ. എസിനും, പഞ്ചായത്ത് സെക്രട്ടറി സൗമ്യക്കും പരാതി നൽകിയിരിക്കുകയാണ് ആം ആദ്മി പാർട്ടി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അഭിലാഷ് ചെമ്പകശ്ശേരി.
വാഴൂർ ഗ്രാമപഞ്ചായത്ത് 9ആം വാർഡിലെ ലൈഫ് ഭവനപദ്ധതിയുടെ അന്തിമ പട്ടികയിൽ, പഞ്ചായത്ത് മെമ്പർ ഷാനിദാ അഷ്റഫിന്റെ ഭർതൃ സഹോദരനും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. 36 വർഷമായി മുണ്ടക്കയം പഞ്ചായത്തിൽ താമസിക്കുന്നതും, സ്വന്തമായി വീടും സ്ഥലവും വാഹനങ്ങളുമുള്ള വ്യക്തിക്കാണ് വാഴൂർ പഞ്ചായത്തിലെ ലൈഫ് മിഷന്റെ ഭൂരഹിത - ഭവനരഹിത പട്ടികയിൽ വീടും സ്ഥലവും അനുവദിച്ചിരിക്കുന്നതെന്നും, പഞ്ചായത്തിലെ 12ആം വാർഡിലെ യു. ഡി. ഫ് മെമ്പറായ ഷാനിതാ അഷ്റഫിന്റെ അധികാര സ്വാധീനത്താലാണ് ഈ അഴിമതി നടക്കുന്നതെന്നും ആം ആദ്മി പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി.
കൂടാതെ, 2023 ഫെബ്രുവരിയിൽ ചേർന്ന 9 ആം വാർഡ് ഗ്രാമസഭയിൽ ലൈഫ് പദ്ധതിയുടെ അന്തിമപട്ടിക അവതരിപ്പിച്ച സമയത്തും തുടർന്നും ഈ ക്രമക്കേട് സംബന്ധിച്ച് പലരും പലതവണയായി, വാഴൂർ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ ശ്രീ വി.പി റെജിയുടെയും 9 ആം വാർഡിൽ നിന്നുള്ള എൽ.ഡി.എഫ് മെമ്പറായ സൗദാ ഇസ്മായിലിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും എ.എ.പി ആരോപിച്ചു.
വാഴൂർ പഞ്ചായത്തിലെ സ്ഥലവും കിടപ്പാടവുമില്ലാത്ത സാധാരണക്കാരന് അവകാശപ്പെട്ട ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും, ഒരു കാരണവശാലും ഇനി ഇത് അനുവദിക്കില്ലെന്നും, എന്തുവിലകൊടുത്തും തടയുമെന്നും, എത്രയും വേഗം അനർഹനെ ഒഴിവാക്കി പകരം യോഗ്യരായവരെ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ അനശ്ചിതകാല സമരപരിപാടികളുമായി ആം ആദ്മി പാർട്ടി മുന്നിട്ടിറങ്ങുമെന്നും എ. എ. പി നേതാക്കൾ കൂട്ടിച്ചേർത്തു.






