വാഴൂർ: വലിയ ജലാശയങ്ങളും തോടുകളും പുഴകളും കുറവുള്ള പഞ്ചായത്താണ് വാഴൂർ ഗ്രാമപഞ്ചായത്ത്. മഴക്കാലത്ത് വെള്ളപ്പൊക്കം എന്താണെന്ന് വാഴൂരുകാർ അറിയുന്നത് വലിയ തോടിന്റെ സമീപത്ത് ചെല്ലുമ്പോഴാണ്. നവകേരളം പദ്ധതിയുടെ ഭാഗമായി വലിയ തോടിന്റെ ഇരുവശങ്ങളും വൃത്തിയാക്കുകയും, ഗ്രാമീണ ടൂറിസത്തിന് മുൻതൂക്കം നൽകുകയും ചെയ്യാറുണ്ട്. എന്നാൽ വലിയ തോടിന്റെ വശങ്ങളിൽ നിന്നു വ്യാപകമായി മഞ്ഞ മുളകൾ വെട്ടിക്കൊണ്ടു പോയതായി പരാതി ഉയർന്നിരിക്കുകയാണ്. വെള്ളൂർ കെപിപിഎല്ലിലേക്ക് എന്ന പേരിലാണ് ആൾക്കാരെത്തി മുള വെട്ടി കൊണ്ടുപോയത്.
ഒരാഴ്ച മുമ്പ് മണിമലയാറിന്റെ തീരത്തു നിന്നും ആളുകൾ മുളകൾ വെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് വാഴൂർ വലിയ തോടിന്റെ വശങ്ങളിൽ നിന്നിരുന്ന മുളകൾ വെട്ടിയത്. മൂന്നു ലോഡ് മുളകൾ വാഴൂർ വലിയതോട് ഭാഗത്തുനിന്നും വെട്ടിക്കൊണ്ടുപോയതായി സമീപവാസികൾ പറഞ്ഞു. പ്രായമുള്ള മുളകൾക്ക് ശരാശരി 150 മുതൽ 200 രൂപ വരെ വില വരും. സംഭവത്തിൽ പരിസ്ഥിതി പ്രവർത്തകൻ കെ ബിനു വാഴൂർ പഞ്ചായത്തിന് പരാതി നൽകിയിരിക്കുകയാണ്.
പ്രകൃതിയെ ഇത്രമാത്രം തലോടി നിൽക്കുന്ന മുള വെട്ടുന്നതിലൂടെ, മണ്ണൊലിപ്പും ചെറു ജീവികളുടെ ആവാസ വ്യവസ്ഥയുമാണ് നശിപ്പിക്കുന്നത്. വാഴൂർ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം അനുഗ്രഹീതമായ ഭൂപ്രകൃതിയാണ് ഉള്ളത്. അത് നശിപ്പിക്കാൻ ചിലർ മുൻകൈയെടുക്കുന്നു എന്നതാണ് ഇതിൽ നിന്നും കാണാൻ കഴിയുന്നത്






