ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീ ശാക്തീകരണത്തിൻ്റെ അതുല്യ മാതൃകയാണ് കുടുംബശ്രീയെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. ചെങ്ങന്നൂര്‍ മുൻസിപ്പൽ സ്റ്റേഡിയത്തിൽ 11ാമത് കുടുംബശ്രീ ദേശീയ സരസ്മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീ ശാക്തീകരണം എന്ന ആശയത്തെ സാക്ഷാത്കരിച്ചത് കുടുംബശ്രീയാണ്. കുടുംബശ്രീ പെൺകരുത്തിൻ്റെ മഹാപ്രസ്ഥാനമാണ്. 46 ലക്ഷം വനിതകളാണ് ഇന്ന് കുടുംബശ്രീയിൽ അണി നിരന്നിട്ടുള്ളത്. കുടുംബശ്രീയുടെ വരവോടെയാണ് സ്ത്രീകൾ പൊതുരംഗത്തേക്ക് കടന്നുവന്നതെന്ന് മന്ത്രി പറഞ്ഞു.
ഇതിനുമുമ്പ് നടന്ന 10 കുടുംബശ്രീ സരസ്മേളകളും ജനപങ്കാളിത്തം കൊണ്ടും വരുമാനം കൊണ്ടും വലിയ വിജയങ്ങൾ ആയിരുന്നു. എന്നാൽ കഴിഞ്ഞ മേളകളുടെയെല്ലാം റെക്കോർഡ് തിരുത്തുന്ന സരസ് മേളയാണിത്.
വിശിഷ്ടാതിഥിയായ മോഹൻലാലിനെ സ്വീകരിക്കാൻ ചെങ്ങന്നൂർ മുൻസിപ്പാലിറ്റി ഹരിത കർമ്മ സേനാംഗം പൊന്നമ്മ ചേച്ചിയെ മന്ത്രി സജി ചെറിയാൻ നിയോഗിച്ചത് വലിയ സന്ദേശമാണ് നൽകുന്നത്. മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിനു വേണ്ടി എല്ലാവരും അണിനിരക്കണമെന്നതാണത്. ഹരിത കർമ്മ സേന കേരളത്തിന്റെ ശുചിത്വസേന ആണെന്നും മന്ത്രി പറഞ്ഞു.




