ഡ്യൂട്ടിക്കിടയിൽ പോലീസുദ്യോഗസ്ഥൻ ശ്യാമപ്രസാദിനെ അക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിനെതിരായി ജനാധിപത്യസമൂഹത്തിൻ്റെ ശക്തമായ പ്രതികരണമുയരണം; കേരള പോലീസ് അസോസിയേഷൻ
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ പോലീസ് ഉദ്യോഗസ്ഥൻ ശ്യാം പ്രസാദാണ് തെള്ളകത്തെ തട്ടുകട നടത്തുന്ന വയോധികനെയും വയോധികയെയും ആക്രമിക്കുന്നതിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ക്രൂരമായ അക്രമണത്തിൽ കൊല്ലപ്പെട്ടത്.
ദാരുണമായ ഈ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി ചുരുക്കി കാണാൻ കഴിയില്ല. തുടർച്ചയായി പോലീസിനെതിരായി നടക്കുന്ന ജനാധിപത്യ വിരുദ്ധ കയ്യേറ്റങ്ങളോട് നാട് പുലർത്തുന്ന നിസംഗമൗനം ഇത്തരം അക്രമങ്ങൾക്ക് പ്രോത്സാഹനമാകുന്നുണ്ടോ എന്ന് ജനാധിപത്യസമൂഹം ഗൗരവതരമായ പരിശോധനക്ക് വിധേയമാക്കണമെന്ന് കെപിഎ ജനറൽ സെക്രട്ടറി ഇ വി പ്രദീപൻ.അരാജകത്വ സമൂഹം ലക്ഷ്യമിട്ട് പോലീസിനെതിരായി ബോധപൂർവ്വം നടത്തുന്ന ഇത്തരം ഹീനമായ അക്രമങ്ങളെ തള്ളിപ്പറയുന്നതിന് പൊതു സമൂഹത്തോട് കേരള പോലീസ് അസോസിയേഷൻ ഇ വി പ്രദീപൻ ആവശ്യപ്പെട്ടു .
അതിവേഗ വിചാരണ അടക്കം ഉറപ്പു വരുത്തി അക്രമിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും ഇത്തരം ആക്രമണങ്ങൾക്ക് പ്രതിരോധം തീർക്കാൻ ആവശ്യമായ ശക്തമായ നിയമനിർമ്മാണത്തിനും സർക്കാരും പോലീസ് ഡിപ്പാർട്ട്മെൻ്റും മുൻകൈ എടുക്കണമെന്നും, കൃത്യനിർവഹണത്തിനിടയിൽ ജീവൻ നഷ്ടപെട്ട ശ്യാം പ്രസാദിൻ്റെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരവും ആനുകൂല്യങ്ങളും എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കെപിഎ ജനറൽ സെക്രട്ടറി ഇ വി പ്രദീപൻ ആവശ്യപ്പെട്ടു.



