പ്രഭാത വാർത്തകൾ |
---|
2025 | ഫെബ്രുവരി 27 | വ്യാഴം |
1200 | കുംഭം 15 | അവിട്ടം l 1446 l ശഹബാൻ 27 |
◾ പതിനെട്ടാം ദിവസത്തിലേക്ക് കടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ വീണ്ടും നടപടിയുമായി പൊലീസ്. മഹാസംഗമത്തില്‍ പങ്കെടുത്ത 14 പേര്‍ക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചു. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേര്‍ന്ന് നടത്തുന്ന സമരം നിര്‍ത്തമെന്നാവശ്യപ്പെട്ടാണ് കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
◾ ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പോലീസിനെ കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതുന്നത് പിണറായി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തയ്യാറായാല്‍ അരമണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കാവുന്ന സമരമാണ് ധാര്‍ഷ്ട്യം കാരണം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വലിച്ചു നീട്ടി കൊണ്ടിരിക്കുന്നതെന്നും ജനദ്രോഹ സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങാന്‍ സമയമായിയെന്നും ചെന്നിത്തല പറഞ്ഞു.
◾ സമരം ചെയ്തതിന്റെ പേരില്‍ ആരെയും പിരിച്ചു വിടാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ പങ്കെടുത്ത അദ്ദേഹം ആദ്യം ആശാവര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. ആശമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നും ഓണറേറിയം വര്‍ധിപ്പിക്കണമെന്നും നിലപാടെടുത്തു.
◾ ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി നടന്‍ സലീം കുമാര്‍. സമരത്തില്‍ അന്യായമായി ഒന്നുമില്ലെന്നും ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണെന്നും സലീം കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ സമരത്തെ നിരന്തരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സലീം കുമാറിന്റെ പ്രതികരണം.
◾ ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതില്‍ ഖേദം പ്രകടിപ്പിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാന്‍ വൈകുന്നത് ദുരന്തബാധിതരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയാണെന്നും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് നിരീക്ഷിച്ചു.
◾ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കുമെന്നും മാറ്റിയാല്‍ എന്താണ് കുഴപ്പമെന്നും ഹൈക്കമാന്റിന് മാറ്റണം എന്നാണെങ്കില്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു. തനിക്കൊരു പരാതിയുമില്ലെന്നും താന്‍ തൃപ്തനാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
◾ പോഡ്കാസ്റ്റിലെ നിലപാടിലുറച്ച് ശശി തരൂര്‍. 15 ദിവസങ്ങള്‍ക്കുള്ളില്‍ നിലപാട് മാറില്ലെന്നും എന്നാല്‍ ഒരിക്കല്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുന്നില്ലെന്നും പോഡ്കാസ്റ്റ് കേള്‍ക്കാതെയാണ് പലരും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. അതേ സമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെ സുധാകരന്‍ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും ശശി തരൂര്‍ പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യമെന്നും, ഭൂരിപക്ഷമല്ല എപ്പോഴും ശരിയെന്നും ശശി തരൂര്‍ പറഞ്ഞു .
◾ ശശി തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം യുഡിഎഫിന്റെ നല്ല പ്രചാരകനെന്നും പാണക്കാട് സാദിഖലി തങ്ങള്‍. തരൂരിനെ പ്രയോജനപ്പെടുത്താന്‍ പറ്റുമെന്നും ക്രൗഡ് പുള്ളര്‍ ആയ രാഷ്ട്രീയ നേതാവാണ് തരൂരെന്നും മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണമെന്നും തെരെഞ്ഞെടുപ്പിന് ഇനി അധികം സമയം ഇല്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സമസ്തക്കെതിരെ ഒന്നും ഉണ്ടാവില്ലെന്നും, ആശ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍ പോര്‍ട്ടല്‍ സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായതായി എംവിഡി. ഇതിനാല്‍ ഫെബ്രുവരി 22 മുതല്‍ 27 വരെയുള്ള കാലയളവില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേല്‍ പിഴ ചുമത്തുന്നത് ഒഴിവാക്കുമെന്ന് എംവിഡി അറിയിച്ചു.
◾ സാധാരണക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച ഇന്റര്‍നെറ്റ് ഒരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കെഫോണ്‍ പദ്ധതി, ഇന്റര്‍നെറ്റ് സേവനത്തിനൊപ്പം വാല്യൂ ആഡഡ് സര്‍വീസുകള്‍ കൂടി നല്‍കി വിപുലീകരണത്തിലേക്ക്. ഒടിടി പ്ലാറ്റ്ഫോം സേവനങ്ങള്‍ ഏപ്രിലോടെ യാഥാര്‍ത്ഥ്യമാക്കുമെന്ന് കെ ഫോണ്‍ അധികൃതര്‍ അറിയിച്ചു.
◾ കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് വരും ദിവസങ്ങള്‍ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ സംസ്ഥാനത്ത് വേനല്‍മഴ എത്തുമെന്നാണ് വ്യക്തമാകുന്നത്. ഇത് പ്രകാരം ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
◾ മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞു. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റത്. ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
◾ ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുത്ത് കേരളത്തെ പ്രശംസിച്ചുള്ള കേന്ദ്ര മന്ത്രി ജയന്ത് ചൗധരിയുടെ പ്രസംഗത്തിലെ സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യയെ ഡെവലപ്പ് ചെയ്യുന്നതിനുള്ള ഗേറ്റ് വേ കേരളമാണെന്നാണ് കേന്ദ്ര സ്‌കില്‍ ഡെവലപ്മെന്റ് & എന്റര്‍പ്രണര്‍ഷിപ്പ് സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞത്. ജയന്ത് ചൗധരിയുടെ വാക്കുകള്‍ ഓരോ മലയാളിക്കും ഈ നാടിനുമുള്ള അംഗീകാരമാണെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചത്.
◾ കോട്ടയത്ത് വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി സി പി സജയനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തോപ്പുംപടി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. ഏറെ നാളായി സസ്പെന്‍ഷനിലായിരുന്നു. കോട്ടയത്തെ കാന്‍ അഷ്വര്‍ എന്ന സ്ഥാപനം ആണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനം ഉടമ ആയ പ്രീതി മാത്യുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ പ്രതിയെ തട്ടിപ്പ് നടത്താന്‍ സഹായിച്ച ആളാണ് പോലീസുകാരനായ സജയനെന്നാണ് വിവരം. ◾ രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്നു. അസംഘടിത മേഖലയിലുള്ളവര്‍ക്ക് പുറമെ സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ◾ പത്താം ക്ലാസില്‍ രണ്ട് ബോര്‍ഡ് പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ മറ്റൊരു അവസരം നല്‍കാനാണെന്ന് സിബിഎസ്ഇ ചെയര്‍പേഴ്സണ്‍ രാഹുല്‍ സിംഗ്. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാമെന്നും രണ്ടു തവണയും പരീക്ഷ എഴുതാന്‍ തീരുമാനിച്ചാലും വീണ്ടും എഴുതാന്‍ ആഗ്രഹിക്കാത്ത പേപ്പറുകള്‍ ഒഴിവാക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ◾ സിബിഎസ്ഇ സ്‌കൂളുകളുടെ അഫിലിയേഷന്‍ നിബന്ധനകളില്‍ ഇളവ്. ഒരേ പേരും അഫിയിലിയേഷന്‍ നമ്പറും ഉപയോഗിച്ച് സ്‌കൂളുകളുടെ ശാഖകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതാണ് പ്രധാന പരിഷ്‌കരണം. ഒരേ പേരും അഫിലിയേഷന്‍ നമ്പറും ഉപയോഗിക്കാമെങ്കിലും ഇങ്ങനെ തുടങ്ങുന്ന സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ- അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും പ്രത്യേകമായി തന്നെ ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. ◾ ദില്ലി സാകേത് സെലക്റ്റ് സിറ്റി മാളില്‍ തിയേറ്ററില്‍ തീപിടുത്തം. പിവിആര്‍ തിയേറ്ററിലാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചതോടെ തീ നിയന്ത്രണ വിധേയമായി. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഷോ നടക്കുന്നതിനിടെയാണ് തിയ്യേറ്ററിലെ സ്‌ക്രീനില്‍ തീപിടുത്തമുണ്ടായത്. ◾ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ 23 കോടിയുടെ ക്രിപ്റ്റോ കറന്‍സി കണ്ടുകെട്ടി സിബിഐ. ദില്ലി, പൂനെ, മുംബൈ ഉള്‍പ്പെടെ 60 സ്ഥലങ്ങളില്‍ നടന്ന പരിശോധനയിലാണ് ഡിജിറ്റല്‍ കറന്‍സികള്‍ പിടികൂടിയത്. ക്രിപ്റ്റോ കറന്‍സികള്‍ക്ക് പുറമെ ഡിജിറ്റല്‍ രേഖകളും ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ബിറ്റ് കോയിന്‍ നിക്ഷേപ തട്ടിപ്പായ ഗയിന്‍ബിറ്റ് കോയിന്‍ കേസുകളുമായി ബന്ധപ്പെട്ടാണ് സിബിഐ പരിശോധന നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടോ എന്നതടക്കം സിബിഐ പരിശോധിച്ചു വരികയാണ്.