◾ വയനാട്ടിലെ ദുരന്തബാധിതരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ രാജന്‍. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തുവെന്നും ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയതെന്നും ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
◾ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ നടന്നിരിക്കുന്നത് മൂന്നാറിനേക്കാള്‍ വലിയ ഭൂമി കയ്യേറ്റമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കയ്യേറ്റത്തിന് റവന്യൂ സര്‍വേ ഉദ്യോഗസ്ഥര്‍ കൂട്ടു നിന്നതായും ഐജി കെ.സേതുരാമന്‍, മുന്‍ ഇടുക്കി ജില്ല കളക്ടര്‍ എച്ച്. ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. കയ്യേറ്റം മറച്ചു വയ്ക്കാന്‍ റവന്യൂ രേഖകള്‍ ഉദ്യോഗസ്ഥര്‍ മനപൂര്‍വം നശിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
◾ ആശാവര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു നേതാക്കള്‍. സമരസമിതി നേതാവ് എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പിബി ഹര്‍ഷകുമാര്‍ അധിക്ഷേപിച്ചു. സമരത്തിന്റെ ചെലവില്‍ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണെന്നും കേരളത്തിലെ ബസ് സ്റ്റാന്‍ഡുകളുടെ മുന്നില്‍ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ നേതാവാണ് മിനിയെന്നുമായിരുന്നു പി.ബി. ഹര്‍ഷകുമാറിന്റെ ആരോപണം.
◾ ശശി തരൂരിന് കോണ്‍ഗ്രസ് നല്‍കിയത് ഒരു എംപിക്ക് ലഭിക്കാവുന്ന ഉയര്‍ന്ന പരിഗണനയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. അദ്ദേഹത്തിന് വ്യക്തിപരമായ സ്വാധീനം വോട്ടര്‍മാര്‍ക്കിടയില്‍ കുറഞ്ഞുവെന്നും മണ്ഡലത്തില്‍ സജീവമല്ലാതിരുന്നതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതെന്നും പിജെ കുര്യന്‍ പറഞ്ഞു.
◾ മതവിദ്വേഷ പരാമര്‍ശ കേസില്‍ പിസി ജോര്‍ജിന് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പിസി ജോര്‍ജിന്റെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. റിമാന്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടര്‍ന്ന് പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ ജോര്‍ജിന്റെ ആരോഗ്യം തൃപ്തികരമാണ്.
◾ പിസി ജോര്‍ജിനെതിരേ കേസ് കൊടുത്തവര്‍ക്ക് നന്ദിയെന്ന് ഷോണ്‍ ജോര്‍ജ്. കേസ് ഇല്ലായിരുന്നുവെങ്കില്‍ പിതാവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ അറിയാന്‍ കഴിയില്ലായിരുന്നുവെന്ന് പി.സി. ജോര്‍ജിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
◾ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ പിസിസി അധ്യക്ഷനാക്കാമെന്നാണ് ഖാര്‍ഗെയ്ക്ക് എഴുതിയ കത്തില്‍ മുല്ലപ്പള്ളി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണയുണ്ടെന്നും മുല്ലപ്പള്ളി പറയുന്നു.