2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ വിവിധ സാംസ്‌കാരിക, കായിക, റോഡ് പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു.
കറുകച്ചാലില്‍ ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനവും സാംസ്‌കാരിക പഠന കേന്ദ്രവും നിര്‍മ്മാണം 1 കോടി
ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഇപ്പോള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചങ്ങനാശേരി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ലൈബ്രറികള്‍ക്ക് ആശ്രയമായ കൗണ്‍സില്‍ വിഭാഗത്തിന് സ്വന്തമായ ആസ്ഥാന മന്ദിരം ഇല്ലാത്തത് വളരെ ബുദ്ധിമുട്ട് നേരിട്ടു. സ്വന്തം ആസ്ഥാനമന്ദിരത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കറുകച്ചാലിലാണ്.
ദീര്‍ഘകാലം മന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന കേരളരാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വമായ പ്രൊഫ.കെ.നാരായണക്കുറുപ്പിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈബ്രറി പ്രവര്‍ത്തിക്കുന്നതിന് സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ചങ്ങനാശരി താലൂക്കിന്റെ മധ്യഭാഗത്തായി വരുന്ന പ്രദേശമായതിനാല്‍ താലൂക്കിലെ എല്ലായിടങ്ങളില്‍ നിന്നും എത്തിച്ചേരുന്നതിന് സൗകര്യപ്രദമാണ്. പ്രസ്തുത ഓഫീസ് സമുച്ചയം കറുകച്ചാലില്‍ വരുന്നതോടെ കറുകച്ചാല്‍ പഞ്ചായത്തിന് വരുമാന വര്‍ദ്ധനയുമുണ്ടാക്കും. താലൂക്ക് ആസ്ഥാനമന്ദിരത്തിന് ഒപ്പം ഒരു സാംസ്‌കാരിക പഠനകേന്ദ്രവും ആരംഭിക്കും.






