| പ്രഭാത വാർത്തകൾ |
|---|
| 2025 | മാർച്ച് 26 | ബുധൻ |
| 1200 | മീനം 12 | അവിട്ടം |
◾ മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കന്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള യാത്രക്കാണ് അനുമതി നിഷേധിച്ചത്. ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് അനുമതി തേടിയത്. എന്നാല്‍ കാരണം അറിയിച്ചിരുന്നില്ല. പരിപാടി മന്ത്രി തലത്തിലുള്ളവര്‍ പങ്കെടുക്കേണ്ടതല്ലെന്ന് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തതായാണ് വിവരം.
◾ വയനാട്ടിലെ ദുരന്തസമയത്ത് കേരളത്തിലേക്ക് ആവശ്യമായ സഹായം കേന്ദ്രം നല്‍കിയെന്ന് അമിത് ഷാ. പല ഘട്ടങ്ങളിലായി കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തിന്റെ കണക്ക് അവതരിപ്പിച്ചാണ് മന്ത്രിയുടെ പ്രതികരണം. ദേശീയ ദുരന്ത നിവാരണ ബില്ലിലെ ചര്‍ച്ചക്കിടെ പാര്‍ലമെന്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
◾ സര്‍ക്കാര്‍ ജീവനക്കാര്‍ ലഹരിക്കെതിരെ മനുഷ്യമതില്‍ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കല്‍ അല്ല മറിച്ച് ക്ലിഫ് ഹൗസിലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇവരുടെ വേരറുക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്. വെറും 24 മണിക്കൂര്‍ കൊണ്ട് ഇതിന് അന്ത്യം കുറിയ്ക്കാന്‍ സാധിക്കും. ഇത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ഇപ്പോള്‍ ചെയ്യാന്‍ കഴിയാത്തത് ഭരണ പരാജയമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
◾ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ എസ്പി സുജിത് ദാസിന് പുതിയ നിയമനം. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ എസ്പിയായാണ് അദ്ദേഹത്തെ നിയമിച്ചത്. എഡിജിപി എം.ആര്‍ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും ഫോണിലൂടെ വിമര്‍ശിച്ചതിന് സസ്പെന്‍ഷനിലായ അദ്ദേഹത്തെ അന്വേഷണം തീരും മുന്‍പാണ് തിരിച്ചെടുത്തത്.
◾ ജനപ്രതിനിധികള്‍ക്കും പൊലീസിനും മറ്റ് സേനാംഗങ്ങള്‍ക്കും നല്‍കുന്ന സല്യൂട്ട് നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള വിന്‍സന്റ് എം എല്‍ എയുടെ സബ്മിഷന് അനുമതി നിഷേധിച്ചു. സലൂട്ട് കിട്ടുന്നതോടെ തങ്ങള്‍ വല്ലാത്ത അധികാര കേന്ദ്രമാണെന്ന തോന്നല്‍ ജനപ്രതിനിധികളില്‍ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു സബ്മിഷന്‍ നല്‍കിയത്. 37 സബ്മിഷന്‍ ഇന്നലെ ഉണ്ടായിട്ടും എം വിന്‍സന്റ് നല്‍കിയ നോട്ടീസ് അനുവദിച്ചില്ല.
◾ സംസ്ഥാനത്ത് രണ്ട് ദിവസം ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
◾ നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണസംഘം ആലത്തൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ദൃക്സാക്ഷിയുടെ മൊഴിയും ഡിഎന്‍എ പരിശോധനാ ഫലവുമാണ് കേസില്‍ ഏറെ നിര്‍ണായകമായത്.
◾ കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസില്‍ ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ആകാശിന് ജയിലില്‍ പരീക്ഷയെഴുതാമെന്നും കോടതി പറഞ്ഞു. കഞ്ചാവുമായി പിടിയിലായ ആകാശ് റിമാന്‍ഡിലാണുള്ളത്. പോളിടെക്നികിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയാണ് ആകാശ്. പരീക്ഷ നടക്കുന്ന സമയമാണ്, പരീക്ഷയെഴുതാന്‍ ജാമ്യം നല്‍കണമെന്നാണ് ആകാശ് കോടതിയോട് ആവശ്യപ്പെട്ടത്.
◾ കൊടകര കുഴല്‍പ്പണ കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസ് കണ്ടെത്തല്‍ തള്ളിയുള്ള കുറ്റപത്രത്തില്‍ ആകെ 23 പ്രതികളാണ് ഉള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ദര്‍മരാജ്, ഡൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
◾ യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു. ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ അച്ചാനെയിലുള്ള സെന്റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണച്ചടങ്ങ് നടന്നത് ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയര്‍ക്കീസ് ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ എന്ന സ്ഥാനപ്പേരാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത സ്വീകരിച്ചത്.
◾ കൊടകര കുഴല്‍പ്പണക്കേസില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. സത്യം പുറത്തുകൊണ്ടുവരാന്‍ തന്റെ നിയമപോരാട്ടം തുടരുമെന്നും സതീഷ് പറഞ്ഞു. കലൂര്‍ പി.എം.എല്‍.എ കോടതിയില്‍ ഇ.ഡി. സമര്‍പ്പിച്ച കുറ്റപത്രം പുറത്തുവന്നതിന് ശേഷമായിരുന്നു പ്രതികരണം.
◾ വാഹനാപകട കേസില്‍ റെക്കോര്‍ഡ് നഷ്ടപരിഹാരത്തുക വിധിച്ച് കേരള ഹൈക്കോടതി. 2013ല്‍ പത്തനംതിട്ടയിലുണ്ടായ അപകടത്തില്‍ നഴ്സും അച്ഛനും മരിച്ച കേസില്‍ ആറര കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി.
◾ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ പിന്തുടര്‍ച്ച അവകാശമുള്ള സഹ മൊത്രാനായി ഡോ.ഡി സെല്‍വരാജന്‍ അഭിഷിക്തനായി. നെയ്യാറ്റിന്‍കര നഗരസഭാ മൈതാനത്ത് ആഘോഷപൂര്‍വമായ ദിവ്യബലി അര്‍പ്പണത്തോടെയായിരുന്നു സ്ഥാനാരോഹണം. നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സന്റ് സാമുവല്‍ ചടങ്ങുകളില്‍ മുഖ്യകാര്‍മികനായി.
◾ കേരള ടൂറിസത്തിന് പുതിയ തീം സോംഗ്. കേരളത്തിലെ ടൂറിസം മേഖലയുടെ പ്രചാരണം ശക്തിപ്പെടുത്തുന്നതും പുതിയ മേഖലകളിലേക്ക് ടൂറിസം വ്യാപിപ്പിക്കുന്നതും ലക്ഷ്യമാക്കി കേരള വിനോദ സഞ്ചാരവകുപ്പ് തയ്യാറാക്കിയ തീം സോംഗ് പ്രകാശനം ചെയ്തു. പത്ത് വര്‍ഷത്തിനു ശേഷമാണ് കേരള ടൂറിസം പുതിയ തീം സോംഗ് പുറത്തിറക്കുന്നത്.
◾ സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന് എതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് കൊച്ചി പൊലീസ്. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നല്‍കിയ പരാതിയിലാണ് കേസ്. മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന്‍ റഹ്‌മാനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
◾ വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും അതിസാരവും ഉണ്ടായതിനെ തുടര്‍ന്ന് ആലുവ യുസി കോളേജിലെ നാല് ഹോസ്റ്റലുകള്‍ താത്കാലികമായി അടയ്ക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഹോസ്റ്റലിലെ 25ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അവശത നേരിട്ട സാഹചര്യത്തിലാണിത്. കിണറില്‍ നിന്നാണ് ഹോസ്റ്റലില്‍ കുടിവെള്ളം ലഭ്യമാകുന്നത്. ഇത് ക്ലോറിനൈസേഷന്‍ നടത്തിയ ശേഷം ഹോസ്റ്റല്‍ തുറന്നാല്‍ മതിയെന്ന് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചതോടെയാണ് ഹോസ്റ്റല്‍ അടക്കുന്നത്.
◾ കോഴിക്കോട് വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ സന്‍സ്‌കാര്‍ കുമാറെന്ന ബിഹാര്‍ സ്വദേശിയെ ആണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് 13കാരനായ വിദ്യാര്‍ത്ഥിയെ കാണാതായിരിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
◾ മലപ്പുറം ചെണ്ടപ്പുറായ എആര്‍എച്ച്എസ്എസ് സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാന്‍ അനുവദിക്കാത്തതിലുള്ള അമര്‍ഷത്തിലാണ് ചില വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞതെന്ന് അധ്യാപകര്‍ പറഞ്ഞു. സംഭവത്തില്‍ അന്യേഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.
◾ കോഴിക്കോട് ഈങ്ങാപുഴയില്‍ ഷിബിലയെ കൊലപ്പെടുത്താന്‍ പ്രതി കത്തി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പ്രതി യാസിര്‍ കടയിലെത്തി കത്തി വാങ്ങിയത്. യാസിറിനെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. യാസിറിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഉടന്‍ തെളിവെടുക്കും.
Tags
* Please Don't Spam Here. All the Comments are Reviewed by Admin.





