പ്രഭാത വാർത്തകൾ |
---|
2025 | മാർച്ച് 2 | ഞായർ |
1200 | കുംഭം 18 | ഉത്രട്ടാതി , രേവതി |
◾ സമൂഹത്തിന്റെ നല്ല പാതിയായ സ്ത്രീകളെ മനുഷ്യത്വത്തോടെയും ആദരവോടെയും കാണാനുള്ള മനസ്ഥിതി സമൂഹത്തിലാകെ വളര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതിനുതകുന്ന വിവിധ പദ്ധതികളുമായി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീയുടെ അവകാശവും മാന്യതയും പലപ്പോഴും എഴുത്തുകളിലും ചര്‍ച്ചകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നുവെന്നും ഈ കാഴ്ചപ്പാട് തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകമെന്നും ആശാവര്‍ക്കര്‍മാര്‍ ആത്മാഭിമാനത്തിനായാണ് പോരാടുന്നതെന്നും കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നും ആശാവര്‍ക്കര്‍മാരുടെ പോരാട്ടം വെറുതെയാകില്ലെന്നും യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ദ്ധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
◾ താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ഷഹബാസിന് കണ്ണീരോടെ വിട. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഷഹബാസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 3 മണിയോടെയാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടില്‍ എത്തിച്ചത്. അവിടെ നിന്നും മൃതദേഹം മയ്യത്ത് നമസ്‌കാരത്തിനായി ചുങ്കം ജുമാ മസ്ജിദിലേക്ക് കൊണ്ടുപോയി. കിടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു ഖബറടക്കം. സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പെടെ നൂറുകണക്കിന് പേരാണ് ഷഹബാസിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
◾ കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന് ക്രൂരമായ മര്‍ദ്ദനമേറ്റെന്നത് സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം പരിശോധന. ഷഹബാസിന്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു, നെഞ്ചിനേറ്റ മര്‍ദ്ദനത്തില്‍ ആന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മര്‍ദ്ദനമേറ്റതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ടുള്ള ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.◾ 2023-24 ലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബിയെ കേന്ദ്ര സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തതായി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു . സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള 42 വൈദ്യുതി വിതരണ കമ്പനികളുടെയും സ്വകാര്യമേഖലയിലെ 10 കമ്പനികളെയും ഒരുമിച്ചാണ് റാങ്കിങ്ങില്‍ പരിഗണിച്ചത്. പ്രവര്‍ത്തന മികവില്‍ അഖിലേന്ത്യാതലത്തില്‍ 32-ാം സ്ഥാനത്തു നിന്ന് 19 ലേക്കാണ് കെഎസ്ഇബി. ഉയര്‍ന്നത്.
◾ കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അടിച്ചേല്‍പ്പിക്കുന്ന അധിക യാത്രാ ചിലവ് പുനപരിശോധിക്കണമെന്നും സാമ്പത്തികമായി പിന്നാക്ക അവസ്ഥയില്‍ ഉള്ള മലബാറില്‍ നിന്നുള്ള മുസ്ലിങ്ങള്‍ക്ക് മതപരമായ കടമ നിര്‍വ്വഹിക്കാന്‍ അവസരം ഒരുക്കണം എന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. ഉയര്‍ന്ന വിമാന നിരക്ക് ഹജ്ജിന് പോകുന്നവരില്‍ നിന്ന് ഈടാക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
◾ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകള്‍ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ വി പറഞ്ഞു. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയും അധിക സര്‍വ്വീസുകള്‍ നടത്തും. മാര്‍ച്ച് 13ന് ആണ് ഈ വര്‍ഷത്തെ പൊങ്കാല.
◾ കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആവര്‍ത്തിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് റഹീം. താന്‍ വീടുമായി നിരന്തരം സംസാരിക്കുന്ന ആളാണെന്നും അത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് വിദേശത്തേക്ക് പണം അയച്ച് കടം വന്നിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പൊലിസ് സത്യം കണ്ടത്തട്ടെയെന്നും മറ്റൊന്നും പറയാന്‍ കഴിയുന്ന സാഹചര്യത്തിലല്ലെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.
◾ ഡ്രൈ ഡേയില്‍ അനധികൃതമായി മദ്യം വിറ്റ കേസില്‍ ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി. ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രവീണ്‍ കുര്യാക്കോസാണ് എക്സൈസ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്നും ഒമ്പത് ലിറ്റര്‍ മദ്യം എക്സൈസ് കണ്ടെടുത്തു. പിന്നാലെ സിപിഎം പ്രവീണ്‍ കുര്യാക്കോസിനെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു.
◾ മണ്‍ട്രോത്തുരുത്തില്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് രക്ഷിച്ചയാളുടെ ജീവനെടുത്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് മദ്യ ലഹരിയില്‍ ആയിരുന്ന അമ്പാടി നാട്ടുകാരനായ സുരേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. നിരവധി കേസുകളില്‍ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.