പ്രഭാത വാർത്തകൾ |
---|
2025 | മാർച്ച് 4 | ചൊവ്വ |
1200 | കുംഭം 20 | ഭരണി |
◾ കേരളത്തില്‍ വളര്‍ന്നു വരുന്ന ലഹരി ഉപയോഗത്തിന്റേയും അക്രമ പരമ്പരകളേയും കുറിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രമേയം അവതരിപ്പിച്ച രമേശ് ചെന്നിത്തലയുടെ 'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' എന്ന വിളിയില്‍ പ്രകോപിതനായ പിണറായിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രമേശ് ചെന്നിത്തല മിസ്റ്റര്‍ മുഖ്യമന്ത്രി എന്നല്ലേ വിളിച്ചതെന്നും അല്ലാതെ പണ്ട് മുഖ്യമന്ത്രി വിളിച്ചതു പോലെ എടോ ഗോപാലകൃഷ്ണാ എന്നല്ലല്ലോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കഴിഞ്ഞ നാലു വര്‍ഷവും മുഖ്യമന്ത്രിയെ അപമാനിച്ച് ഒരു വാക്കും ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നും ഞാന്‍ ഇരിക്കുന്ന ഈ സ്ഥാനത്ത് ഇരുന്നു കൊണ്ട് ഞങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നവരെ പറഞ്ഞതൊക്കെ ഓര്‍മ്മിപ്പിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
◾ സംസ്ഥാന സര്‍ക്കാരിന്റെ സ്വകാര്യ സര്‍വ്വകലാശാല ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇത്ര മോശമായി തയ്യാറാക്കിയ ബില്‍ നിയമസഭയില്‍ ഇതിന് മുമ്പ് അവതരിപ്പിച്ചില്ലെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ബില്ലെന്നായിരുന്നു മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടി. പ്രോ ചാന്‍സലര്‍ എന്ന നിലക്ക് ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് നിലവില്‍ തന്നെ അധികാരങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
◾ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സര്‍വീസ് കമ്മീഷനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2.75 ലക്ഷം നിയമനങ്ങള്‍ എട്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പി എസ് സി വഴി നടന്നു. ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചതാണ്. നിയമനങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്ന് മുറവിളിയുണ്ടാകുന്ന കാലത്താണ് കേരള പിഎസ്സിയുടെ മികച്ച പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐയ്ക്ക് കേസ് കൈമാറാത്തതിന്റെ കാരണങ്ങള്‍ നിരത്തി കോടതി. സുതാര്യമായ അന്വേഷണം നടക്കില്ലെന്ന ആശങ്ക മാത്രം കണക്കിലെടുത്ത് കേസ് സിബിഐക്ക് കൈമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ ആശങ്കയ്ക്ക് കഴമ്പുണ്ടാകണമെന്നും സംസ്ഥാന പൊലീസ് അന്വേഷണം വഴിതെറ്റിയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാനായില്ലെന്നും ഹര്‍ജിക്കാരിക്ക് എതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെപ്പറ്റി പരാതിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഡിമ്മിന്റെ ഭാര്യ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
◾ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള മൂന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 70 കുടുംബങ്ങളാണ് ഗുണഭോക്താക്കളുടെ മൂന്നാമത്തെ പട്ടികയിലുള്‍പ്പെട്ടിട്ടുള്ളത്. പുനരധിവാസത്തിനുള്ള അവസാന കരട് പട്ടികയാണ് ഇന്ന് പുറത്ത് വിട്ടത്. പട്ടികയില്‍ ആക്ഷേപവും പരാതികളുമുണ്ടെങ്കില്‍ 10 ദിവസത്തിനുള്ളില്‍ അറിയിക്കാം.
◾ സംസ്ഥാനത്ത് സിപിഎമ്മിന് അംഗബലം കൂടിയെന്ന് എംവി ഗോവിന്ദന്‍. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ പ്രതിപക്ഷത്തിന്റെ ശക്തി കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളാണെന്നും ലഹരിക്കെതിരാണ് പാര്‍ട്ടി നിലപാടെന്നും മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾ വഞ്ചിയൂരില്‍ അടക്കം റോഡ് തടഞ്ഞ് പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തിയവര്‍ക്കെതിരെ എന്തൊക്കെ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കേസ് നടപടികളുടെ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.
◾ കൊല്ലം ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ ഇ.ഡി അന്വേഷണം റദ്ദാക്കി സുപ്രീംകോടതി. ബാങ്ക് മുന്‍ സെക്രട്ടറി ആര്‍.മാധവന്‍ പിള്ളയുടെ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ക്രമക്കേടില്‍ ഇഡി കേസ് എടുത്തത്. എന്നാല്‍ ഹൈക്കോടതിക്ക് ഇ.ഡിയോട് കേസെടുക്കാന്‍ നിര്‍ദേശിക്കാന്‍ കാരണമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
◾ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസ് അന്വേഷണത്തോട് നെതര്‍ലന്‍ഡ് സഹകരിക്കുമെന്ന് അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേസിലെ പ്രതിയായ ഐഎച്ച്‌സി ബീവര്‍ കമ്പനിയെക്കുറിച്ചാണ് നെതര്‍ലന്‍ഡിനോട് വിവരം തേടിയത്. കേസുമായി ബന്ധപ്പെട്ടവരില്‍നിന്ന് മൊഴിയെടുക്കാന്‍ നെതര്‍ലന്‍ഡ് സര്‍ക്കാര്‍ സഹകരിക്കുമെന്ന് അറിയിച്ചതായും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
◾ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. പൂര്‍ണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നും ശാരീരിക പ്രശ്നങ്ങള്‍ മാറിയാല്‍ രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. വെഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാകും പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക.