സംസ്ഥാനത്ത് വര്‍ധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും സംബന്ധിച്ചുള്ള വിഷയങ്ങള്‍ നിയമസഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യുന്നു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സഭയില്‍ അവതരണാനുമതി ലഭിച്ചു. അതീവ ഗൗരവമുള്ള സാമൂഹ്യ വിഷയമാണെന്നും സഭ മാത്രമല്ല, പൊതു സമൂഹവും ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചര്‍ച്ചക്ക് തയ്യാറായ സര്‍ക്കാരിനെ സ്പീക്കര്‍ അഭിനന്ദിച്ചു.
മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. കേരളത്തിലെ ഭൂരിഭാഗം അക്രമങ്ങള്‍ക്കും പിന്നില്‍ ലഹരിയാണെന്നും നമ്മുടെ കുഞ്ഞുങ്ങള്‍ ലഹരിക്ക് അടിമകള്‍ ആകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളം കൊളംബിയ ആയിമാറുന്നുവെന്നും വിപത്തിനെ നേരിടാന്‍ ഒരുമിക്കണമെന്നും പറഞ്ഞ ചെന്നിത്തല സര്‍ക്കാരിനെയും കുറ്റപ്പെടുത്തി. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണം പരാജയപ്പെട്ടുവെന്നും വിമുക്തി പദ്ധതി പൊളിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.