| പ്രഭാത വാർത്തകൾ |
|---|
| 2025 | മാർച്ച് 8 | ശനി |
| 1200 | കുംഭം 24 | തിരുവാതിര |
◾ ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. സമരക്കാരുടെ ആവശ്യങ്ങളില്‍ നേരത്തെ ചര്‍ച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ലെന്നും സമരത്തിലേക്ക് തള്ളിവിട്ട നടപടി മന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. പിഎസ്സി അംഗങ്ങളുടെ ശമ്പളം പരിഷ്‌കരിക്കുന്നതില്‍ അനാവശ്യ തിടുക്കം ഉണ്ടായെന്നും ഇത് ആശാവര്‍ക്കര്‍മാരുടെ സമരത്തിനിടക്ക് എരിതീയില്‍ എണ്ണ ഒഴിക്കും പോലെ ആയെന്നും വിമര്‍ശനമുണ്ടായി.
◾ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഎം പത്തനംതിട്ട, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. ജില്ലാ സെക്രട്ടറിമാര്‍ പ്രത്യേകം അഭിപ്രായം പറയുന്നുവെന്നും ഈ സ്ഥിതി ഒഴിവാക്കണമായിരുന്നുവെന്നും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ മാധ്യമങ്ങള്‍ക്ക് വേട്ടയാടാന്‍ ഇട്ടുകൊടുത്തുവെന്നുമാണ് വിമര്‍ശനം.
◾ ട്രംപിന്റെ ഇറക്കുമതി താരിഫ് നയത്തിനെക്കുറിച്ചും റഷ്യ-യുക്രെയിന്‍ യുദ്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു പ്രമേയം പാസാക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം എന്തു കൊണ്ട് കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല. ഓരോ ദിവസവും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നും കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഈ സിപിഎം സംസ്ഥാന സമ്മേളനമെന്നും ചെന്നിത്തല പരിഹസിച്ചു.
◾ ആശാ വര്‍ക്കര്‍മാരുടെ സമരം ശക്തമാകുന്നതിനിടെ കേന്ദ്രധനമന്ത്രിക്ക് മുന്നില്‍ കേരളത്തിന് കിട്ടാനുള്ള വിഹിതത്തിന്റെ കണക്ക് ബോധ്യപ്പെടുത്താനാവാതെ സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസ്. കൂടിക്കാഴ്ചക്കെത്തിയ കെ വി തോമസിനോട് വിശദമായ കുറിപ്പ് ഹാജരാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം വനിതാ ദിനമായ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാ സംഗമം സംഘടിപ്പിച്ച് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ആശാവര്‍ക്കര്‍മാരുടെ നീക്കം.
◾ സര്‍വകലാശാല നിയമഭേദഗതി രണ്ടാം ബില്ലിന് ഗവര്‍ണര്‍ മുന്‍കൂര്‍ അനുമതി നല്‍കി. കുസാറ്റ്, കെടിയു, മലയാളം സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനാണ് നിയമ സഭയില്‍ അവതരിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി. നേരത്തെ മുന്‍കൂര്‍ അനുമതി നല്‍കാത്തതിനാല്‍ ഈ ബില്ലിന്റെ അവതരണം സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു. ഈ മാസം 20നായിരിക്കും ഈ ബില്ലിന്റെ അവതരണം.
◾ പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ലഹരിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എസ്.നസീബാണ് പിടിയിലായത്. എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 300 ഗ്രാം കഞ്ചാവാണ് പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഒരു വര്‍ഷം മുന്‍പും ഇയാള്‍ക്കെതിരെ എക്സൈസ് കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
◾ താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. താനൂരില്‍ നിന്നും എത്തിയ പൊലീസ് സംഘത്തോടൊപ്പമാണ് പെണ്‍കുട്ടികള്‍ ട്രെയിനില്‍ നാട്ടിലേക്ക് വരുന്നത്. ഇന്ന് വൈകിട്ടോടെ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്ക് അടുത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് ഏതെങ്കിലും തരത്തില്‍ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള യാത്രയ്ക്ക് പ്രേരണ നല്‍കിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
◾ താനൂരിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറിന്റെ റോള്‍ അന്വേഷണ വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. അവിടെനിന്നും അറിഞ്ഞ കൃത്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. കസ്റ്റമറുടെ വീഡിയോ എടുത്ത് സൂക്ഷിച്ചു എന്നൊക്കെ പറയുന്നതിലുള്ള അവിശ്വസനീയത കൊണ്ടാണ് അന്വേഷിച്ചത്.
◾ പൊതുജനങ്ങളുടെ ജീവനും വസ്തുവകകള്‍ക്കും കൃഷിക്കും സൈ്വര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവര്‍ക്ക് നല്‍കുന്ന ഹോണറേറിയം വര്‍ദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാന്‍ അംഗീകാരമുള്ള ഷൂട്ടര്‍മാര്‍ക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാല്‍ 1500 രൂപ നിരക്കില്‍ ഹോണറേറിയം അനുവദിക്കും. ചത്ത മൃഗങ്ങളെ സംസ്‌കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാം. സംസ്ഥാന സവിശേഷ ദുരന്തമായി മനുഷ്യ- വന്യജീവി സംഘര്‍ഷം ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇത്തരം പ്രതിരോധ നടപടികള്‍ക്ക് വേണ്ടിവരുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ചിലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.






