◾ മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സിനിമാ സമരവുമായി മുന്നോട്ട് പോകരുതെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന്‍. സമരം ചെയ്യരുതെന്നും പ്രശ്ന വിഷയങ്ങളില്‍ ചര്‍ച്ചയാവാമെന്നും മന്ത്രി സംഘടനയെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്നതാണ് ഫിലിം ചേമ്പറിന്റെ നിലപാട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്റെ യോഗം ഇന്ന് കൊച്ചിയില്‍. അതേസമയം നേരത്തെ അറിയിച്ചിരുന്ന സൂചനാ പണിമുടക്ക് മാര്‍ച്ച് 25 ന് മുന്‍പ് നടത്തുമെന്നും എമ്പുരാന്‍ സിനിമയുടെ റിലീസിന് തടസം ഉണ്ടാവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു.
◾ സിനിമാ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കുള്ള സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഫിലിം ചേംബര്‍. സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായി 10ന് ശേഷം ചര്‍ച്ച നടത്തുമെന്നും ഇതിന് ശേഷം മാത്രമേ പണിമുടക്കില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും ഫിലിം ചേംബര്‍ അറിയിച്ചു. അതേസമയം സിനിമയിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കുമെന്നും സെന്‍സര്‍ ബോര്‍ഡാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടതെന്നും ഫിലിം ചേമ്പര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ് വ്യക്തമാക്കി.
◾ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറം മേല്‍മുറിയിലെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിനെ അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും പ്രേരണ പി പി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തല്‍. നവീന്‍ ബാബുവിനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിക്കാന്‍ ആസൂത്രണം നടത്തി. ദൃശ്യങ്ങള്‍ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണില്‍ നിന്ന് തെളിവുകള്‍ കിട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇനി കേസില്‍ ലഭിക്കാനുള്ളത് രാസപരിശോധന ഫലമാണ്.
◾ ആശാ പദ്ധതി വിഹിതത്തില്‍ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന് കേന്ദ്രം. എന്നാല്‍ കേന്ദ്രം തികഞ്ഞ അവഗണ കാട്ടിയെന്നാണ് കേരളം വ്യക്തമാക്കുന്നത്. ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ 2023-24 വര്‍ഷത്തില്‍ 636 കോടി രൂപയാണ് നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്ന് കിട്ടാനുള്ളതെന്ന കണക്ക് കേരളം പുറത്തുവിട്ടു.
◾ നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷിമൊഴി നല്‍കാന്‍ ഭയന്ന് കേസിലെ പ്രധാന ദൃക്‌സാക്ഷി. ചെന്താമര അപായപ്പെടുത്തുമെന്ന് ഭയപ്പെട്ടാണ് ഇയാള്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചിരിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പോലീസിന് രഹസ്യമൊഴി രേഖപ്പെടുത്താനോ കോടതിയില്‍ മൊഴി നല്‍കാനോ ഇയാള്‍ തയാറാകുന്നില്ലെന്നതാണ് പോലീസിന് വലയ്ക്കുന്നത്. അതേസമയം, മറ്റ് സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
◾ കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു.
◾ ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ജുവനൈല്‍ ഹോമിലേക്ക് വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ച്. മാര്‍ച്ച് സംഘര്‍ഷമായതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളും ഇന്നും പത്താം ക്ലാസ് പരീക്ഷയെഴുതുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടനകള്‍ പ്രതിഷേധിച്ചത്.
◾ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി. അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാന്‍ 24 മണിക്കൂറും ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക നിരീക്ഷണം.
◾ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പ്രതിയായ പോക്‌സോ കേസിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് സുപ്രീം കോടതി. കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു. ജയചന്ദ്രന് നല്‍കിയ ഇടക്കാല സംരക്ഷണം മാര്‍ച്ച് 24 വരെ സുപ്രീം കോടതി നീട്ടി.
◾ അതിരപ്പിള്ളിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പന് ചികിത്സ നല്‍കാന്‍ വനംവകുപ്പ്. നിലവില്‍ ആനയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. എന്നാല്‍ ചികിത്സയുമായി മുന്നോട്ടു പോകാനാണ് ശുപാര്‍ശ. നേരിയ പരിക്ക് ആണെന്നും നിരീക്ഷണം തുടര്‍ന്നാല്‍ മതിയെന്നും റിപ്പോര്‍ട്ടിലുണ്ട്.◾ മലപ്പുറം താനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി. താനൂര്‍ തെയ്യാലയില്‍ കഴിഞ്ഞ ഓഗസ്റ്റ് 17ന് പരാതിക്ക് ആധാരമായ സംഭവം നടന്നത്. തെയ്യാല എസ്എസ്എംഎച്എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ആണ് മര്‍ദനമേറ്റത്. വെള്ളച്ചാല്‍ സിപിഎച്ച്എസ്എസ് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചു എന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ◾ നിലമ്പൂര്‍ മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയില്‍ കടുവയിറങ്ങി. കരുവാരക്കുണ്ട് ആര്‍ത്തല ചായ എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കരുവാരകുണ്ട് ചേരി സിടിസി എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പില്‍ ജെറിന്‍ ആണ് രാത്രിയില്‍ കടുവക്ക് മുന്നില്‍ പെട്ടെങ്കിലും രക്ഷപ്പെട്ടത്.
◾ തിരുവനന്തപുരം പള്ളിത്തുറയില്‍ നാല് തിമിംഗല സ്രാവുകള്‍ വലയില്‍ കുരുങ്ങി. വലയില്‍ കുരുങ്ങിയ രണ്ട് സ്രാവുകളെ കടലില്‍വെച്ച് തന്നെ വല മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. കരയ്ക്കെത്തിയ രണ്ട് സ്രാവുകളില്‍ ഒരെണ്ണത്തിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഒരു സ്രാവ് കരയ്ക്കടിഞ്ഞു. പള്ളിത്തുറ സ്വദേശി സുനിലിന്റെ വലയിലാണ് നാല് തിമിംഗല സ്രാവുകളും അകപ്പെട്ടത്. സ്രാവുകളെ രക്ഷപ്പെടുത്താന്‍ വല മുറിച്ചതോടെ ഒരു ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
.jpg)






