പേവിഷ പ്രതിരോധ വാക്സീന് ഫലപ്രദമല്ലെന്നുള്ള ആക്ഷേപങ്ങള്‍ തള്ളി ആരോഗ്യ വകുപ്പ് രംഗത്തെത്തി. വാക്സീന് എടുത്തിട്ടും കൊല്ലത്ത് പേവിഷബാധയേറ്റ പെണ്‍കുട്ടി മരിക്കാനുള്ള പ്രധാന കാരണം കയ്യിലെ നാഡിയിലേറ്റ ആഴമേറിയ മുറിവാണെന്ന് എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ.എസ്. ബിന്ദു പറഞ്ഞു.
വാക്സിൻ ആന്റി ബോഡി ഫലപ്രദമാകുന്നതിന് മുൻപ് തന്നെ വൈറസ് കുട്ടിയുടെ തലച്ചോറിനെ ബാധിച്ചതാണ് രോഗാവസ്ഥ തീവ്രമാകാന്‍ കാരണം. പേവിഷബാധയേറ്റവരുമായി സമ്പർക്കം പുലർത്തുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
മൃഗങ്ങളുടെ കടിയേറ്റാൽ ഉടനെ സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതിലൂടെ പരമാവധി നാഡികളിൽ വൈറസ് ബാധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് കൊല്ലം മെഡിക്കൽ കോളേജ്, കമ്മ്യൂണിറ്റി മെഡിസിൻ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ചിന്ത വ്യക്തമാക്കി. പേവിഷ വാക്സിൻ സംബന്ധിച്ച തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭ്യര്‍ഥിച്ചു.