കറുകച്ചാൽ വെട്ടിക്കാവുങ്കൽ പൂവൻപാറപ്പടി റോഡിൽ യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ കാഞ്ഞിരപ്പള്ളി സ്വദേശികളായ പ്രതികളെ റിമാൻഡ് ചെയ്തു . കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായർ (35) ആണ് കൊല്ലപ്പെട്ടത് . കാഞ്ഞിരപ്പള്ളി മേലേറ്റുതകിടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37), കാഞ്ഞിരപ്പള്ളി ചാവിടിയിൽ ഉജാസ് അബ്ദുൽ സലാം (35) എന്നിവരാണു പ്രതികൾ. ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവർമാരാണ്.
വാടകവീട്ടിൽനിന്നും ചങ്ങനാശേരിയിലുള്ള ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ബസ് കയറാൻ നടന്നുപോവുകയായിരുന്ന നീതുവിനെ കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ ഒമ്പതിനാണ് ഇരുവരും ചേർന്ന് കാറിടിച്ച് കൊലപ്പെടുത്തിയത്. സംഭവദിവസം വൈകുന്നേരത്തോടെ ഇരുവരെയും കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന, കൊലപാതകം എന്നീ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തി യിരിക്കുന്നത്.
.ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ തെരച്ചിലിലാണ് സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.
വിവാഹബന്ധം വേർപെടുത്തി കഴിഞ്ഞിരുന്ന നീതുവും അൻഷാദും തമ്മിൽ മുമ്പ് സ്നേഹബന്ധമുണ്ടായിരുന്നു.16 വർഷം മുൻപാണ് നീതുവും കാഞ്ഞിരപ്പള്ളി സ്വദേശിയുമായി വിവാഹം നടന്നത്. 7 വർഷം മുൻപ് ഇവർ പിരിയാൻ തീരുമാനിച്ചു. വിവാഹമോചനക്കേസ് നടന്നുവരികയാണ്. പിന്നീടു മക്കളോടൊപ്പം നീതു സ്വന്തം വീടായ കൂത്രപ്പള്ളിയിലെത്തി. നീതുവിന്റെ ഭർത്താവിന്റെ സുഹൃത്തായിരുന്നു അൻഷാദ്. നീതുവും അൻഷാദും തമ്മിൽ പിന്നീടു സൗഹൃദത്തിലായി.
അൻഷാദ് നീതുവിനു വലിയ തോതിൽ പണം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഒരു വർഷം മുൻപ് ഇരുവരും പിണങ്ങുകയും അൻഷാദിനെ നീതു ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അൻഷാദിന്റെ നമ്പറുകൾ നീതു ബ്ലോക്ക് ചെയ്തിരുന്നു. ഇതോടെ ഉണ്ടായ പകയാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറയുന്നു.