പത്തനംതിട്ട കൊടുമൺ രണ്ടാം കുറ്റിയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാൾ മരിച്ചു. 48 കാരി ലീലയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായി ഗുളികകൾ കഴിച്ച ഭർത്താവിനെയും മകനേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ ഒരു മകൻ എറണാംകുളത്ത് ജോലി ചെയ്യുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലീലയും ഭർത്താവും മകനും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.,
കൈയ്യിൽ കിട്ടിയ ഗുളികൾ മൂന്ന് പേരും കഴിച്ചു. എന്നാൽ രാത്രി തനിക്ക് പേടിയാണെന്ന് പറഞ്ഞ് മകൻ പിന്മാറി. പിന്നീട് മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ലീല വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. രാവിലെ ഇവർ അയൽവാസികളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
കുടുംബത്തിനു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഒന്നിലധികം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇവർ വായ്പ്പയെടുത്തിരുന്നു. എന്നാൽ ലോൺ തിരിച്ചടക്കാൻ സാധിച്ചില്ല. പണം തിരിച്ചടക്കാൻ പറ്റാഞ്ഞതിൽ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ഗുളിക കഴിച്ച ഭർത്താവിനെയും മകനെയും ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലേക്കും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.