വാഴൂർ: ദേശീയപാത 183-ൽ വാഴൂർ ഇളംപള്ളി കവലയിലും പരിസരങ്ങളിലും വഴിവിളക്കുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.വാഴൂർ - ഇളംപള്ളി കവല എന്ന അനുഗ്രഹ കവലയിലും സമീപ പ്രദേശങ്ങളിലും നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.രാത്രികാലങ്ങളിൽ ബസിറങ്ങി ഇവിടെ എത്തുന്ന സ്ത്രീകളും കാൽനടയാത്രക്കാരുമാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്.
കവലയിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്. മുൻ ഭരണസമിതിയുടെ കാലത്ത് ഫണ്ട് അനുവദിച്ചെന്നും ഉടൻ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചെങ്കിലും കവല ഇന്നും ഇരുട്ടിലാണ്.
പഞ്ചായത്തംഗം മുതൽ മുൻ എം.എൽ.എ വരെയുള്ള ജനപ്രതിനിധികളെ രാത്രിയാത്രക്കാരുടെ ദുരിതം അറിയിച്ചിരുന്നു. ഇളംപള്ളി കവലയിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുകയും പ്രദേശത്തെ വഴിവിളക്കുകൾ തെളിയിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ഓട്ടോ തൊഴിലാളികളുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം.




